പകൽ, കാഞ്ഞ വെയിൽ, പടിഞ്ഞാറൻ കാറ്റ്, കരിയിലകളെ പ്രേമിച്ച മഞ്ഞ്, മഷി മണമുള്ള വയലറ്റ് പൂക്കൾ, ഒളിച്ചോടിയ പുഴ, കാറ്റിറങ്ങിയ കരിമ്പച്ച വയലിന് പഠിച്ച മയിലാട്ടക്കാരൻ കടൽ, അനുസരണ കെട്ട സൂര്യൻ , ഹൃദയത്തിന്റെ സ്ഥാനത്ത് കടലിന്റെ ചിത്രം മാത്രമുള്ള മഴ, നീലക്കുപ്പായക്കാരൻ കൊച്ചുഭൂമി, പൊന്നമ്പിളിയെന്ന വിളി കേട്ട് കേട്ട് കേൾവി നഷ്ടപ്പെട്ട ചന്ദ്രൻ, തലക്കകത്താെകെ നിലാവെളിച്ചം മാത്രമുളെളാരു കവിതക്കാരി പൊട്ടി പെണ്ണ്. പറമ്പിന് കാവൽ ജോലിക്ക് വന്ന് പനി പിടിച്ച് കിടന്ന കടന്നൽ, എല്ലാവരും കൂടിയൊരു കവിതയെഴുതി. ഗ്രൂപ്പ് മാറി, കഥാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. നാലാള് വായിച്ചു. നല്ലസ്സൽ കഥയെന്ന് ഒന്നാമൻ, ഇതെന്ത് കൂത്തെന്ന് രണ്ടാമത്തി, എഴുത്തിന്റെ കാല ദോഷമെന്ന് സുപ്രസിദ്ധ കവയിത്രി. സ്റ്റിക്കർ കമന്റിട്ട് മുഴുപ്പൊട്ടൻ. നമുക്കിതൊരു തിരക്കഥയാക്കി സിനിമയിറക്കണമെന്ന് ബുദ്ധിമാൻ. ബുദ്ധിമാൻ നിർമ്മിക്കട്ടെയെന്ന് പോസ്റ്റ് വായിക്കാതെ ലെെക്കടിച്ച നിർമമൻ. ആർക്കും തരുന്നില്ലെന്ന് കടന്നൽ. ഞങ്ങളിത് കമ്മിറ്റി കൂടി നോവലെഴുതി പുസ്തകമിറക്കുമെന്ന് സൂര്യൻ. അവതാരികയെഴുതാൻ മാർക്കറ്റുള്ള എഴുത്തുകാരെ ആവശ്യമുണ്ടെന്ന് മഴ. ഞാൻ തന്നെ എഴുതുമെന്ന് ഞാൻ. ഞങ്ങടെ പുസ്തകം വാങ്ങണേയെന്ന് പകൽ. ഇതും പറഞ്ഞ് ഇൻബോക്സിലേക്ക് വന്നാൽ കൊത്തിയരിഞ്ഞ് ഉപ്പേരി വെക്കുമെന്ന് പാചക ചാനലുള്ള യൂട്യൂബർ. പുറംചട്ടയുടെ ഇല്ലസ്ട്രേഷന് ആളെ തപ്പാൻ ആള് പോയിട്ടുണ്ട്. വരട്ടെ. ന്നിട്ടാവാം ബാക്കി.. അല്ല, അപ്പൊ എന്റെ ചോദ്യം ഇതാണ്. ആരാണ് ഞാൻ? അല്ല, എന്നാലും, എന്റെ ആരാണ് ഇതിലെ ഞാൻ🤔🤔??

Comments

Popular posts from this blog

ഉഭയസമ്മതം