Posts

പകൽ, കാഞ്ഞ വെയിൽ, പടിഞ്ഞാറൻ കാറ്റ്, കരിയിലകളെ പ്രേമിച്ച മഞ്ഞ്, മഷി മണമുള്ള വയലറ്റ് പൂക്കൾ, ഒളിച്ചോടിയ പുഴ, കാറ്റിറങ്ങിയ കരിമ്പച്ച വയലിന് പഠിച്ച മയിലാട്ടക്കാരൻ കടൽ, അനുസരണ കെട്ട സൂര്യൻ , ഹൃദയത്തിന്റെ സ്ഥാനത്ത് കടലിന്റെ ചിത്രം മാത്രമുള്ള മഴ, നീലക്കുപ്പായക്കാരൻ കൊച്ചുഭൂമി, പൊന്നമ്പിളിയെന്ന വിളി കേട്ട് കേട്ട് കേൾവി നഷ്ടപ്പെട്ട ചന്ദ്രൻ, തലക്കകത്താെകെ നിലാവെളിച്ചം മാത്രമുളെളാരു കവിതക്കാരി പൊട്ടി പെണ്ണ്. പറമ്പിന് കാവൽ ജോലിക്ക് വന്ന് പനി പിടിച്ച് കിടന്ന കടന്നൽ, എല്ലാവരും കൂടിയൊരു കവിതയെഴുതി. ഗ്രൂപ്പ് മാറി, കഥാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. നാലാള് വായിച്ചു. നല്ലസ്സൽ കഥയെന്ന് ഒന്നാമൻ, ഇതെന്ത് കൂത്തെന്ന് രണ്ടാമത്തി, എഴുത്തിന്റെ കാല ദോഷമെന്ന് സുപ്രസിദ്ധ കവയിത്രി. സ്റ്റിക്കർ കമന്റിട്ട് മുഴുപ്പൊട്ടൻ. നമുക്കിതൊരു തിരക്കഥയാക്കി സിനിമയിറക്കണമെന്ന് ബുദ്ധിമാൻ. ബുദ്ധിമാൻ നിർമ്മിക്കട്ടെയെന്ന് പോസ്റ്റ് വായിക്കാതെ ലെെക്കടിച്ച നിർമമൻ. ആർക്കും തരുന്നില്ലെന്ന് കടന്നൽ. ഞങ്ങളിത് കമ്മിറ്റി കൂടി നോവലെഴുതി പുസ്തകമിറക്കുമെന്ന് സൂര്യൻ. അവതാരികയെഴുതാൻ മാർക്കറ്റുള്ള എഴുത്തുകാരെ ആവശ്യ...
ഇന്നുറങ്ങാൻ കിടക്കുമ്പോൾ നെഞ്ചിനകത്ത് പൂനിലാവാണ്. ചുറ്റിലും നാട്ടുമുല്ലപ്പൂ മണമാണ്. ഓരോ നിനവുകളിലും നിന്റെ ചുംബനത്തിന്റെ ചൂടുള്ള പിടച്ചിലുകളാണ്. ഹർഷത്തിന്റെ കടുന്തുടിയൊച്ചയാണ്. ഉറങ്ങാൻ കിടക്കുവാണെന്ന് ചുമ്മാ പറയുവാണ്. ഞാനിന്നെങ്ങനെ ഉറങ്ങാനാണ്.
നിരത്തിവച്ച അക്ഷരങ്ങൾക്ക് മറ്റൊരാളെയെങ്കിലും കവിയാക്കാനുള്ള ലഹരിയുണ്ടെങ്കിൽ നിങ്ങളെന്നെ കവിയെന്ന് വിളിക്കൂ.. അല്ലെങ്കിൽ പോയിട്ട് പിന്നെ വരാൻ പറയൂ.. അതുമല്ലെങ്കിൽ പോയി പണി നോക്കാനെങ്കിലും പറയൂ..
"എനിക്കെഴുതണം" ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ ചെറുതീയിൽ കാച്ചെണ്ണ കുരുമുളകിട്ട് മുറുക്കിയെടുക്കുമ്പോലെ, പൂവത്തിൻ വേരുകൾ ചാഞ്ഞ പുത്തൻകുളത്തിലെ നീരോളം പടർന്ന നിന്റെ പൊൻമുടിത്തിളക്കം അലസമായി നീ നെറുകയിലേക്ക് ചുറ്റിക്കെട്ടുമ്പോലെ, നാലുമണി ബെല്ലടിക്കാൻ കാത്ത് മണിക്കൂർ കണക്കിന് ആലിൻ ചുവട്ടിൽ സ്കൂളിടവഴി മലർന്നു കിടക്കണ പോലെ, പടിക്കെട്ടിന് വലതായി പന്തലിച്ച ഗന്ധരാജന്റെ വിടർന്ന പൂക്കളിലേക്ക് കുഞ്ഞൻ കൊടിമുല്ല കോടി പൂത്തിറങ്ങണ പോലെ, കാട്ടുമുളങ്കൂട്ടിൽ മിന്നാമിന്നിക്കൂട്ടം ആർത്ത് മിന്നിപ്പറക്കും പോലെ, പാറക്കൂട്ടത്തിലെ ഒറ്റയാൽ പൊത്തിൽ മഴയെ കോക്രി കാണിച്ച് അവളൊറ്റക്ക് ഒളിച്ചിരിക്കുമ്പോലെ, സൂര്യൻ ചിരിക്കുമ്പോലെ, പകൽ ഇരമ്പും പോലെ, താങ്ങ് തേടിയ നിന്റെ പ്രണയം എന്നെ ചുറ്റി വരിയും പോലെ, എനിക്ക് നിന്നെ എഴുതണം. എത്ര എഴുതിയാലും അവസാനിക്കാതെ, എന്തെഴുതിയാലും അവസാനിക്കാതെ, എനിക്ക് നിന്നെ എഴുതണം. കാരണം ഒന്നേയുള്ളൂ.. കുണ്ടൻ കിണറ്റീന്ന് മാനത്തോളവും അതിനുമപ്പുറവും ഇങ്ങേപ്പുറവും ഞാൻ, നീ മാത്രമാണെന്ന്..
 ഒരൊറ്റ അച്ചിൽ ജനിച്ചതെങ്കിലും  എനിക്കെൻ്റെ കവിതകളെ  രണ്ട് മൂന്ന് തരം ചായങ്ങൾ ചേർത്ത് പ്രച്ഛന്ന വേഷം കെട്ടിച്ച്  വെവ്വേറെ മുഖച്ഛായകളിൽ ഒരുക്കി വെവ്വേറെ പേരുമിട്ട്, പേരു തോന്നാത്തതിന് ഒന്ന് രണ്ട് മൂന്ന് എന്നൊക്കെ അക്കപ്പേരെെങ്കിലും ചാർത്തി ഈ തെരുവിൻ്റെ ഏറ്റവും വീതി കൂടിയ ഓരത്ത് നിരത്തി വിൽക്കാൻ വെക്കണം. ഏതെങ്കിലും പൊട്ടബുദ്ധികൾ, ദൈവമെന്ന് കരുതി, വാങ്ങിക്കൊണ്ടുപോയി, ഒരു കരിന്തിരിയെങ്കിലും തെളിയിച്ചെങ്കിലോ.... ആത്മാവിൽ ദരിദ്രരായവർ  ഒറ്റരൂപക്ക് പാതയോരത്ത് നിന്ന് വിലപേശി വാങ്ങിയ മൺവിളക്കുകളിൽ  വിളക്കെണ്ണ മുക്കിയ തിരികളണിയിച്ച്  വെളിച്ചം കാണിക്കുന്ന ലോകത്തേക്കാണ്  ദെെവത്തിൻ്റെ റോളിലഭിനയിക്കാൻ അവർ തിരഞ്ഞെടുക്കപ്പെട്ടേക്കുക. ബാക്കി വരുന്നവ  വെള്ളമൊഴിച്ച് കുതിർത്ത് മൺകൂനകളാക്കി  വീണ്ടും ചവിട്ടിക്കുഴക്കണം. വീണ്ടുമതേ അച്ചിലിട്ട് വാർക്കണം.
 ഞാനും ഞാനും തമ്മിലീ എഫ്ബിയിൽ എത്ര പൊതു സൗഹൃദങ്ങളെന്നറിയാമോ? വെറും.. വെറും?? വെറും.. വെറും?? നാൽപ്പത്തി ഒന്ന്..
 ദേ,  നോക്കൂ.. ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടാൻ തക്കം പാർത്തിരുന്ന ആ കവിതയെയൊട്ടാകെ,  ഒറ്റയടിക്കാ നിലാവ് വിഴുങ്ങി!! കൊന്നുകളഞ്ഞു!!