"എനിക്കെഴുതണം" ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ ചെറുതീയിൽ കാച്ചെണ്ണ കുരുമുളകിട്ട് മുറുക്കിയെടുക്കുമ്പോലെ, പൂവത്തിൻ വേരുകൾ ചാഞ്ഞ പുത്തൻകുളത്തിലെ നീരോളം പടർന്ന നിന്റെ പൊൻമുടിത്തിളക്കം അലസമായി നീ നെറുകയിലേക്ക് ചുറ്റിക്കെട്ടുമ്പോലെ, നാലുമണി ബെല്ലടിക്കാൻ കാത്ത് മണിക്കൂർ കണക്കിന് ആലിൻ ചുവട്ടിൽ സ്കൂളിടവഴി മലർന്നു കിടക്കണ പോലെ, പടിക്കെട്ടിന് വലതായി പന്തലിച്ച ഗന്ധരാജന്റെ വിടർന്ന പൂക്കളിലേക്ക് കുഞ്ഞൻ കൊടിമുല്ല കോടി പൂത്തിറങ്ങണ പോലെ, കാട്ടുമുളങ്കൂട്ടിൽ മിന്നാമിന്നിക്കൂട്ടം ആർത്ത് മിന്നിപ്പറക്കും പോലെ, പാറക്കൂട്ടത്തിലെ ഒറ്റയാൽ പൊത്തിൽ മഴയെ കോക്രി കാണിച്ച് അവളൊറ്റക്ക് ഒളിച്ചിരിക്കുമ്പോലെ, സൂര്യൻ ചിരിക്കുമ്പോലെ, പകൽ ഇരമ്പും പോലെ, താങ്ങ് തേടിയ നിന്റെ പ്രണയം എന്നെ ചുറ്റി വരിയും പോലെ, എനിക്ക് നിന്നെ എഴുതണം. എത്ര എഴുതിയാലും അവസാനിക്കാതെ, എന്തെഴുതിയാലും അവസാനിക്കാതെ, എനിക്ക് നിന്നെ എഴുതണം. കാരണം ഒന്നേയുള്ളൂ.. കുണ്ടൻ കിണറ്റീന്ന് മാനത്തോളവും അതിനുമപ്പുറവും ഇങ്ങേപ്പുറവും ഞാൻ, നീ മാത്രമാണെന്ന്..

Comments

Popular posts from this blog

ഉഭയസമ്മതം