സമീകൃതമെന്നോ 

അമൃതെന്നോ 

ഒക്കെ

സുഖിപ്പിച്ച്

വിശേഷിപ്പിച്ച് 

നിങ്ങൾ

ഒതുക്കിക്കളയാൻ

എത്ര ശ്രമിച്ചാലും

സാമുദായിക സമ്പ്രദായങ്ങളിൽ 

വിശ്വാസമില്ലാത്ത,

കാച്ചുപാത്രത്തിൻ്റെ 

ചെരിഞ്ഞിരിക്കലുകളിൽ

താഴ്ന്ന പ്രദേശത്തിൻ്റെ

ഒഴുക്കു സൗകര്യം

തീരെ പരിഗണിക്കാത്ത,

ഒരു

സവിശേഷസൂചികയാണ്

പാല്,


തിളക്കുന്തോറും

കുറുകിയാലും,

കണ്ണൊന്ന് തെറ്റുന്ന നിമിഷാർദ്ധത്തിൽ

തിളച്ചൊഴുകിപ്പരന്ന്

ലോകത്തിൻ്റെ 

മുഴുവൻ 

ദാഹത്തേയും

ഒറ്റനിമിഷംകൊണ്ട്

ശമിപ്പിച്ച്

ഞാനൊന്നുമറിഞ്ഞില്ലെന്ന്

പാടയും ചൂടി

പറ്റിക്കിടക്കും.


അതുകൊണ്ട്

ഞാനിടക്കിടെയങ്ങ്

മനപൂർവ്വം

കണ്ണടക്കാൻ പഠിക്കുവാണ്.

ലോകത്തിൻ്റെ മോഹങ്ങൾ

എന്നെയും

മോഹിപ്പിച്ച

തീരെ മറക്കരുതാത്ത

ആ ഒരു

കാലമുണ്ടായിരുന്നല്ലോ

എനിക്കും....

Comments

Popular posts from this blog

ഉഭയസമ്മതം