ക്ഷമ
കാറ്റത്ത് പാറാനിട്ട അമ്മിക്കല്ല് പോലെ, ജീവിതം ഉച്ചതിരിഞ്ഞ മനുഷ്യത്തിയൊരുത്തി, അകക്കണ്ണിൽ അലക്കി ഉണക്കാനിട്ട കനപ്പെട്ട ചിന്തകളെയും കൂവി വിളിച്ച്, ഉറവുപിടിച്ച് ചേറു കുഴയുന്ന കന്നിടവഴികളുടെ, അവസാനത്തെയറ്റത്ത് ചുരുണ്ടു മടങ്ങിക്കിടക്കുന്ന, ഒറ്റയാക്കപ്പെട്ട കാലിവണ്ടികൾ വല്ലപ്പോഴും കടന്നു പോകുന്ന, കാലിച്ചന്തയിലേക്ക് നീളുന്ന, പൊട്ടിപ്പൊളിഞ്ഞ വഴിയോരത്തേക്ക്, നടന്നു തീർത്ത കൽവഴികളുടെ, നിലവിളിപ്പാടുകൾ ചിത്രം വരച്ച, കോച്ചിപ്പിടിച്ച്, രക്തച്ഛവി വറ്റിപ്പോയ കാൽപ്പാദങ്ങളും വലിച്ച് നടക്കാനിറങ്ങുമ്പോൾ, കായലലകൾ കൈകൾകോർത്ത് വഴിയിലേക്ക് നെടുങ്ങനെ വിറങ്ങലിച്ച് കിടന്ന്, ചങ്ങലക്കൊളുത്തലുകളുടെ ഓർമകളിൽ നിന്നവളെ മുച്ചൂടും സ്വതന്ത്രയാക്കുന്നു. നീയെന്തിനാണിപ്പോഴേ ഈ പാതയോരത്തേക്ക് ഓടി വന്നതെന്നും, തൊണ്ടഴുകാനിട്ട പതിവിടങ്ങളിൽ പതുങ്ങിക്കിടന്നാൽ പോരേയെന്നും അവൾ അത്ഭുതം കൂറുന്നു. കഴിഞ്ഞ കാലത്തേ തന്നെ, കുഞ്ഞു ചെമ്പുകുടത്തിൽ മുദ്രവച്ച്, ശീവാേതിപ്പുരയിലേക്ക് ...