ഭ്രമാത്മക ചിന്തകളുടെ മലമ്പാതകളിലേേക്ക് നിങ്ങൾ 85 മോഡൽ തുറന്ന ജീപ്പോടിച്ച് കയറ്റുമ്പോഴാണ് കഥകളുടെ വസന്തം ചരിത്രത്താൽ പൂക്കുന്നത്.
നിശബ്ദതയുടെ താഴ്വാരത്ത് വച്ച് നിലാവിൻ്റെ നീർച്ചാലുകൾ ഉറപൊട്ടിയൊഴുകി വന്ന് നിങ്ങളുടെ പ്രണയസങ്കൽപ്പങ്ങളെ തച്ചുതകർക്കുന്നിടത്ത് നിങ്ങൾ നിങ്ങളുടെ സ്വെറ്റർ ഊരിക്കളഞ്ഞാ കുളിരിനെ ഹൃദയത്താൽ ആവാഹിക്കും.
പിന്നെയും വളവുകൾ തിരിഞ്ഞ് കയറുമ്പോൾ മേഘങ്ങളിൽ സാളഗ്രാമങ്ങൾ ഉറഞ്ഞ് അവളായിമാറുന്നത് നിങ്ങൾ കാണും.
അവളുടെ നീറ്റലുകൾ, പരിഭവങ്ങൾ നിങ്ങളിലെ ചിന്തകളെ, ദൃശ്യങ്ങളെ തകിടംമറിക്കുന്നതറിഞ്ഞിട്ടും നിസ്സഹായനായവളെ കയ്യേൽക്കുകയല്ലാതെ നിങ്ങൾക്ക് മറ്റൊന്നും ചെയ്യാനുണ്ടാവില്ല.
എഴുതിത്തുടങ്ങുമ്പോൾ, ചാറ്റൽ മഴയായി നിങ്ങളുടെ തൊണ്ടക്കുഴിയിൽ ചുംബിച്ചു കൊണ്ട് കണ്ണുകളിലേക്കൂളിയിട്ടവൾ, ആർത്തലച്ച് പെയ്ത് നിങ്ങളെ കഴുകിത്തുടച്ച് നിങ്ങളുടെ ഹൃദയവും ചുരണ്ടിയെടുത്ത് അതിന് പകരമവിടെ അവളുടെ ഭ്രാന്തുകളെ പ്രതിഷ്ഠിക്കുന്ന നിമിഷത്തിൽ, തിരിച്ചിനിയൊരു യാത്രയില്ലെന്നും ഇക്കണ്ട കാഴ്ചകളൊന്നും ഒരു കാഴ്ചകളേ അല്ലായിരുന്നുവെന്നും അവളിലേക്ക് തട്ടിമറിഞ്ഞ് വീണ് തൂവിപ്പോവുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെ നിങ്ങൾക്ക് മുന്നിൽ അവശേഷിക്കുന്നില്ലെന്നും നിങ്ങൾ സ്വയം തിരിച്ചറിയും.
തൂമഞ്ഞ് പൊഴിയുന്ന ഇടനേരങ്ങളിൽ സത്യാന്വേഷികളേയും, ഗൗതമനേയും, രാധയേയും, സഞ്ചാരികളേയും, സനൽ കുമാരൻമാരേയും, ഗംഗയേയും, ഇടവേളകളില്ലാതെ പുഞ്ചിരി വിരിയിക്കുന്ന ഇളംനീലനിറമുള്ള ഉണ്ണിയേയും യോഗീശ്വരൻമാരെയും ഏറ്റവുമൊടുവിൽ അതിരില്ലാത്ത പ്രണയത്തിൻ്റെ അലകളിളകുന്ന അതിനീലവർണ്ണമിയലുന്ന മാനസസരോവരത്തെയും അവളുടെയാകാശത്ത് നിങ്ങൾ കാണും.
അവിടെത്തന്നെ വീണടിയാൻ കൊതിക്കുമ്പോഴും, നീന്തിത്തുടിക്കാൻ പഠിക്കുമ്പോഴും വീക്ഷകരുടെ ചൂണ്ടുവിരൽപ്പാടുകളെ നിങ്ങൾ ഭയക്കും.
അടുത്ത നിമിഷത്തിൽ നിങ്ങളാ കെട്ടുപൊട്ടിച്ച് ഒരു മായാവിയായി മാറും. അവളിലേക്ക് പറന്നിറങ്ങും. അവളെ എഴുതിയെഴുതി, പിന്നെയും എഴുതിയെഴുതി കവിതകളെ ജനിപ്പിക്കും...
Comments
Post a Comment