സ്വയം മറന്ന് വേണം  
വിഷപ്പല്ലുകൾ 
പോറ്റിവളർത്തിയ
പിളർന്ന നാക്കുകളുടെ 
സ്വന്തം
വാക്കുകളെ 
സത്യാന്വേഷികളുടെ,
കുതുകികളുടെ
ഹൃദയങ്ങളിലേക്ക്
തൊടുത്തുവിടാൻ.

വേദനകൾ
മറവിയുടെ
ലഹരിയിലേക്ക് 
ആണ്ടുപോകുന്നതുകൊണ്ട്, 
വീണുപോയവരുടെ
ആരവങ്ങൾ 
കാതുകളിലേക്കെത്തും മുന്നെ, 
ശൂന്യതയിൽ 
ലയിച്ചില്ലാതായിക്കോളും.

ഉറക്കത്തിൽ 
മരിച്ചുപോയവർ 
ഉയിർത്തെണീറ്റ് 
വരുംമുമ്പെ,
ഒഴിഞ്ഞ 
വിഷക്കുപ്പികളിലേക്ക്  
ദുരൂഹമായി 
കൊല്ലപ്പെട്ടവരെപ്പറ്റിയെഴുതുന്ന
വിലാപകാവ്യങ്ങൾ 
കോരിനിറക്കാവുന്നതേയുള്ളൂ 
നമുക്ക്..

പുകയാളി മരവിച്ച 
വിലാപകാവ്യങ്ങളും 
കവിതകളും 
മറുകവിതകൾ 
വരും വരെ 
വേദികളിൽ നിറഞ്ഞാടി 
കുഴഞ്ഞ് വീണ് 
മരിച്ചോളും.

തെളിവില്ലായ്മയുടെ 
അകമ്പടിയോടെ, 
സത്യം, 
കഥകൾ നിറച്ച 
തോൾസഞ്ചിയുമായി
പടികടന്ന്
വരുമ്പോഴേക്കും,
ശവപ്പെട്ടികൾക്കുള്ളിൽ 
അവ 
വേര്പിടിച്ച് 
വളർന്നോളും.

അല്ലെങ്കിലും 
ആഘോഷങ്ങളുടെ 
കുരുക്കഴിക്കാൻ 
ആർക്കാണിപ്പോൾ 
സമയം?
കുരുക്കുകളെ 
വെറുതെയങ്ങ് 
ആഘോഷിക്കുക 
എന്നല്ലാതെ...

നുണകളുടെ മധുരം 
ഏതായാലും 
സത്യത്തിന് 
വിളമ്പാനാവില്ലല്ലോ...

ഏതായാലുമിപ്പോൾ 
ഒറ്റവരികൾ കൊണ്ട് 
ബലിച്ചോറുണ്ട് 
തൃപ്തിപ്പെട്ട് 
മരിച്ചുപോകുന്നവരാണത്രേ
നമ്മുടെ
കവിതകൾ...

അത്രക്കൊക്കെ മതി..

Comments

Popular posts from this blog

ഉഭയസമ്മതം