ക്ഷമ

കാറ്റത്ത് പാറാനിട്ട 
അമ്മിക്കല്ല് പോലെ,
ജീവിതം ഉച്ചതിരിഞ്ഞ 
മനുഷ്യത്തിയൊരുത്തി,
അകക്കണ്ണിൽ അലക്കി
ഉണക്കാനിട്ട 
കനപ്പെട്ട ചിന്തകളെയും കൂവി വിളിച്ച്, 
ഉറവുപിടിച്ച് ചേറു കുഴയുന്ന കന്നിടവഴികളുടെ, 
അവസാനത്തെയറ്റത്ത്
ചുരുണ്ടു മടങ്ങിക്കിടക്കുന്ന, 
ഒറ്റയാക്കപ്പെട്ട കാലിവണ്ടികൾ 
വല്ലപ്പോഴും കടന്നു പോകുന്ന,
കാലിച്ചന്തയിലേക്ക് നീളുന്ന, 
പൊട്ടിപ്പൊളിഞ്ഞ 
വഴിയോരത്തേക്ക്, 
നടന്നു തീർത്ത കൽവഴികളുടെ, നിലവിളിപ്പാടുകൾ ചിത്രം വരച്ച, 
കോച്ചിപ്പിടിച്ച്, 
രക്തച്ഛവി വറ്റിപ്പോയ 
കാൽപ്പാദങ്ങളും വലിച്ച് 
നടക്കാനിറങ്ങുമ്പോൾ,
കായലലകൾ 
കൈകൾകോർത്ത്
വഴിയിലേക്ക് 
നെടുങ്ങനെ 
വിറങ്ങലിച്ച് കിടന്ന്,
ചങ്ങലക്കൊളുത്തലുകളുടെ
ഓർമകളിൽ നിന്നവളെ 
മുച്ചൂടും
സ്വതന്ത്രയാക്കുന്നു.
നീയെന്തിനാണിപ്പോഴേ 
ഈ പാതയോരത്തേക്ക് 
ഓടി വന്നതെന്നും, 
തൊണ്ടഴുകാനിട്ട 
പതിവിടങ്ങളിൽ 
പതുങ്ങിക്കിടന്നാൽ പോരേയെന്നും 
അവൾ അത്ഭുതം കൂറുന്നു.
കഴിഞ്ഞ കാലത്തേ തന്നെ, 
കുഞ്ഞു ചെമ്പുകുടത്തിൽ മുദ്രവച്ച്, 
ശീവാേതിപ്പുരയിലേക്ക്  
നിന്നെ മാറ്റിയിരുത്തിയതല്ലേയെന്നും,
കാലമെത്തുന്ന കാലത്ത്, 
കാലത്തിൻ്റെ ദാഹമാറ്റാൻ, 
ചെമ്പുകുടമുടച്ച് നിന്നെ 
ചുണ്ടിലിറ്റിച്ച് തരണമെന്ന് 
കുഞ്ഞിയോട് പറഞ്ഞിട്ടുണ്ടെന്നും, 
ഇനിയന്ന് വന്നാൽ മതിയെന്നും 
വിരൽ ചൂണ്ടി മാറ്റി നിർത്തുന്നു. 
ഉള്ളിൽ തീപ്പിടിക്കുമ്പോഴും
വെറുതെ,
കലഹിക്കുന്നു.
അവൻ 
പരുങ്ങി നിന്ന് 
അലയൊതുക്കുന്നു.
ഓർമകൾ സ്വതന്ത്രമാകുന്ന 
കാലത്തിൻ്റെ കാലത്ത്, 
നമ്മൾ പുനർ വായിക്കപ്പെടുമ്പോൾ  
ഞാൻ തന്നെ നിന്നെ, 
അവസാനിക്കാത്തിടം 
കഥകളെഴുതി, 
ഉന്മാദപ്പെടുത്തുമെന്നവൾ
അവൻ്റെ
ചെവിയിൽ കിന്നരിക്കുന്നു.
കടൽവെള്ളമേറിയവൻ 
പിന്നെയും കനപ്പെടുന്നു.
ദൂരെയൊരു പുഴയിലൊരിടത്ത്
അണയും തകർത്ത് 
മണലൊഴുകി മറയുന്നു.
അതു കേട്ട്, 
കായലിൻ്റെ
കവിതകൾക്ക് 
തീപ്പിടിക്കുന്നു.
കാലിൽ കുരുക്കി 
മറിച്ചിട്ടവളെ 
കഥയെഴുതാൻ 
കോരിയെടുത്ത് 
കൊണ്ടു പോകുന്നു.
ക്ഷമക്കുമില്ലേ ഒരതിരൊക്കെ?
ഇല്ലേ??
ആരവിടെ?
ആ നിലവിളിശബ്ദമിടൂ ...

Comments

Popular posts from this blog

ഉഭയസമ്മതം