ഹൃദയായനം
"ഇരവിഴുങ്ങിക്കിടക്കുന്നൊരു പെരുമ്പാമ്പിനെ ഓർമ്മിപ്പിക്കുന്ന മലമ്പാതയുടെ അവസാനത്തെ കൊടുംവളവിൽ" എന്ന് എഴുതിത്തുടങ്ങണമെന്നാണ് കരുതിയിരുന്നത്. ക്ലീഷേകൾ ഒഴിവാക്കാമെന്ന് കരുതിയാണ് "നില കാണാത്ത വെളിച്ചത്തിൻ്റെ ആഴങ്ങളിൽ" എന്ന് ക്യാപ്ഷനിട്ടു കൊണ്ടവൾ തുടങ്ങിയത്. ഇളം ചുവപ്പിൽ ഓറഞ്ചും മഞ്ഞയും കലർന്ന നിറമുള്ള തേവിടിശ്ശിപ്പൂക്കൾ പൂത്തുലഞ്ഞ് നിറം പിടിപ്പിച്ച താഴ്വാരങ്ങൾക്ക് കറുത്ത ബോർഡറിട്ട റോഡിൽ നിന്ന് നോക്കുമ്പോൾ കാണുന്ന, കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന, അലയിളകുന്ന ആ കാട്ടുപൂക്കളെയും കണ്ടും അറിഞ്ഞും ക്യാമറയിൽ പകർത്തിയും മല കയറാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നാകുന്നു. ഒട്ടും അസ്വസ്ഥത തോന്നിയില്ല. ധൃതിയും. ചെന്നയുടൻ നിലതെറ്റി മലർന്ന് വീഴാൻ, മൃദുവായ കിടക്കയും ഫൈവ് സ്റ്റാർ സൗകര്യങ്ങളുമുള്ള വാടക മുറി നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. പതിയെ, വളരെ പതിയെ പോയാൽ മതി.. മാത്രമല്ല, വീര്യം കുറഞ്ഞ മദ്യം, കണ്ണും കവിളും തുടുക്കും വരെ സിപ് ചെയ്ത്, പഞ്ഞി പോലത്തെ ഡബിൾ ലെയർ ബ്ലാങ്കറ്റിനുള്ളിൽ കിടന്ന് ഇന്ന് ഒറ്റക്കാണ് ഉറങ്ങേണ്ടത്. നാളെ രാവിലെയേ അവനെത്തൂ. തൻ്റെ പുതിയ കൂട്ടുകാരൻ, അനുരൂപ് ചെറിയാ...