എഫ് ബി യുടെ പൊതിയാത്ത പുറഞ്ചട്ടകൾ
ആരും കാണാത്ത ചില പെയ്ത്തിടങ്ങളിൽ ഒന്നിനോടൊന്ന് ചേർത്തു വച്ചാൽ ഒറ്റക്കഥയാക്കാവുന്ന കുറേ നുറുക്കെഴുത്തുകൾ പെയ്തൊഴുകിപ്പോകുന്നതും നോക്കി നിൽക്കുകയായിരുന്നു, രാത്രി നഗരത്തിൻ്റെ കാവൽക്കാരി.
അവൾക്ക് ചുറ്റിലും ഉൽസാഹഭരിതയായ നഗരം കാഴ്ചകൾ കണ്ടും വിലപേശി വാങ്ങിയും, വിറ്റും ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു.
ഇരുണ്ട ചില മൂലകളിൽ തെരുവുനായ്ക്കൾ, ആവർത്തനങ്ങളുടെ അപ്പോസ്തലൻമാരുടെ ചോദ്യോത്തര പംക്തികൾക്ക് വായ്ക്കുരവയിടുന്നതൊഴിച്ചാൽ നഗരം അന്ന് അത്യന്തം തൃപ്തയും, അതിനാൽത്തന്നെ ശാന്തയുമായി കാണപ്പെട്ടിരുന്നു.
ആദ്യന്തം ബുദ്ധിപരമായ ജോലികൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന ചില തലച്ചോറുകൾ മാത്രം അപ്പോഴേക്കും ഉറങ്ങിവീണുപോയിരുന്നു.
അവൾക്കതിൽ പരാതിയൊന്നും ഉണ്ടായിരുന്നതുമില്ല.
ചിലയിടങ്ങളിൽ ഇരുണ്ടതും മെലിഞ്ഞതും,
ഒരിടത്തരം നിറമുള്ള ഉടയാത്ത ചേലയുടുത്ത പെണ്ണിനെ പോലെ, ചിലയിടങ്ങളിൽ തിളക്കമാർന്നതുമായ നഗരവെളിച്ചത്തിൻ്റെ നിറവിന്യാസങ്ങൾ ചേർന്നൊഴുകുന്നുണ്ടായിരുന്നു.
താനതിൽ അഭിരമിച്ച് ഒരിക്കലും നിന്ന് പോയിട്ടില്ലെന്നും, എങ്കിലും കൂടെ ഒഴുകാൻ മടിയായതുകൊണ്ടല്ല, കൂടെ ഒഴുകി മതിയായതുകൊണ്ടാണ് നോക്കി നിൽക്കുന്നത് എന്നാണ് സ്വയം പരിചയപ്പെടുത്തുമ്പൊഴൊക്കെയും അവൾ തന്നെപ്പറ്റി പറഞ്ഞിരുന്നത്.
അതിലവൾക്ക് മറ്റ് ചില സ്വയം ബോദ്ധ്യങ്ങൾ കൂടി ഉണ്ടായിരുന്നു എന്നാെക്കെ വേണമെങ്കിൽ വിശദീകരിക്കാമായിരുന്നു അവൾക്ക്.
ബാദ്ധ്യതപ്പെടലായെങ്കിലോ എന്ന് തോന്നിയിട്ടായിരിക്കണം, തിരിഞ്ഞ് നിന്നിപ്പോൾ കാഴ്ച കാണുകയാണ്... നമ്മുടെയളവിൽ,
കാണാതിരിക്കാൻ മാത്രം വെ(തെ)ളിച്ചമുള്ള കാഴ്ചകൾ!!!
വെളിച്ചങ്ങളും തെളിച്ചങ്ങളും പൊതുവെ നമ്മളിടങ്ങളിലെ അതിഥികളേ അല്ലല്ലോ.
അല്ല, ഒരൽപം കൂടി നിന്നുകൂടേ?
എങ്ങോട്ടാണീ പോകുന്നത്??
നമ്മൾ നഗരരാത്രികളിലേക്കുള്ള നടപ്പാലത്തെക്കുറിച്ച് സംസാരിക്കാൻ ടിക്കറ്റെടുത്തവരായിരുന്നില്ലേ?
എന്നുമീ കാഴ്ച്ചകളേറ്റ് മുറിവുകളൊപ്പിയുണക്കാൻ പോന്നവർ!!
റെയ്ഞ്ച് വരും!!
ദേ ഇപ്പൊത്തന്നെ!!
Comments
Post a Comment