ചിന്തകളിൽ കഥകളുടെ വേരിറങ്ങുമ്പോൾ

കളഞ്ഞുകിട്ടിയ അരി മണികൾ താങ്ങിയെടുത്ത് പോവുകയായിരുന്നു ഉറുമ്പിൻ പറ്റം. അപ്പോഴാണ് കട്ടുറുമ്പുകളെ സ്മരിപ്പിക്കുന്ന കറുത്ത ചെരിപ്പിട്ട ആ മനുഷ്യൻ ആ വരിയിലേക്ക് നടന്ന് കയറി നിന്നത്. ഹൗ......
നല്ല കടി കിട്ടിയ അസ്വസ്ഥതയിൽ അയാൾ നിലവിളിച്ചു. കാൽ ശക്തിയിൽ കുടഞ്ഞ് അയാൾ മാറി നിന്ന് ഉറുമ്പുകളെ വീക്ഷിച്ചു. കുറേയെണ്ണം ചതഞ്ഞരഞ്ഞിട്ടുണ്ട്. കുറേയെണ്ണം പറ്റം ചിതറിപ്പോയ പരിഭ്രാന്തിയിൽ പാഞ്ഞ് നടക്കുന്നു. കുറേയെണ്ണം എന്താണാവോ ചെയ്യുന്നത്. മനസ്സിലാവുന്നില്ല. അവ വീണ്ടും അവയുടെ ക്രമവും താളവും അരിമണികളുമൊക്കെ കണ്ടെത്തുമായിരിക്കണം. ചതഞ്ഞ് തീർന്നവയെ ബാക്കിയുള്ളവർ വഴിയിൽ ഉപേക്ഷിക്കുമായിരിക്കും.
മനുഷ്യർ തന്നെ, എന്തൊക്കെ, എവിടെയൊക്കെ ഉപേക്ഷിക്കുന്നു.
നിവൃത്തികേടുകൾ കൊണ്ടും, അല്ലാതെയും, സൗകര്യപൂർവ്വവും. ഉറയുരിയുന്ന ലാഘവത്തിൽ, ഹൃദയത്തിൽ വിഷമേറ്റ കടച്ചിലിൽ, അങ്ങനെ എത്രയെത്ര തരം ഉപേക്ഷിക്കലുകൾ !

കുഞ്ഞുറുമ്പുകൾ ! അവ എത്ര വേഗമാണ് ജനിക്കുന്നതും ജീവിക്കുന്നതും മരണത്തെ പുൽകുന്നതും! കുഞ്ഞു ജീവിതം! ആർക്കും ആരോടും ഒരു പരാതിയും പറയാനുണ്ടായിട്ടുണ്ടാവില്ല!

"നമ്മളെങ്ങോട്ടാണ് അമ്മേ ?"
"ഒറ്റപ്പാലത്തേക്കാണ് വാവേ,
നമുക്ക് ഡോക്റ്ററെ കാണണ്ടേ?"
"വേണ്ടമ്മേ എന്റെ വയറുവേദന മാറി."
"അത് പറ്റില്ല. ഏതായാലും ഇന്നത്തെ സ്കൂൾ പോയില്ലേ. നമുക്ക് ഡോക്റ്ററെ കണ്ടിട്ട് വരാം ട്ടൊ.''
"ഈ കിളികൾക്കൊക്കെ എന്ത് സുഖാ ല്ലെ അമ്മേ ? സ്കൂളിൽ പോവണ്ട. പഠിക്കണ്ട, പരീക്ഷയും എഴുതണ്ട ! ല്ലെ അമ്മേ ?''
"ആരാ വാവയോടീ വിഡ്ഢിത്തം പറഞ്ഞേ? കിളികൾക്കും സ്കൂളും പഠിപ്പും പരീക്ഷേമൊക്കെ ണ്ട്. വാവ കണ്ടിട്ടില്ല ന്നേ ള്ളൂ. ദേ ആ കാണണ ചവിറ്റിലക്കിളീ ല്ലേ?അത് പി എച്ച് ഡ്യാ."
''പി എച്ച് ഡ്യോ ? അതെന്താ സാധനം? അമ്മോടിത് ആരാ പറഞ്ഞേ? ചവിറ്റിലക്കിള്യാ?''
"ആ പൊന്നേ. പിന്നല്ലാതാരാ  അമ്മോടിതൊക്കെ പറയാൻ?''
വാവക്ക് ഒരുമ്മ കൂടി കിട്ടി.
ആ വർഷം പിഎച്ച് ഡി നേടിയ ചവറ്റിലക്കിളി ഉറക്കെ ചിലച്ച് പറന്ന് പോയി.
വയറ് വേദനക്കാരൻ കുഞ്ഞുണ്ണി അമ്മയുടെ മടിയിൽ ചാഞ്ഞ് ഉറങ്ങിപ്പോയി.

അതിന് ശേഷം എത്രയെത്ര  പരീക്ഷകൾ, പരീക്ഷണങ്ങൾ...
കഥകൾ പറഞ്ഞ് തീർക്കാനാവാതെ, ഇനിയുമൊരു കഥയും പറയേണ്ടാത്ത ലോകത്തേക്ക്  അമ്മയും മഴപ്പാറ്റകൾ പറന്ന് മറയും പോലെ പറന്ന് മറഞ്ഞ്പോയിട്ടുണ്ടാവണം. ആ ചിലമ്പിയ സ്വരത്തിലെ ആർദ്രത മഴയും കടന്ന് സ്വപ്നങ്ങളിലേക്ക് പോലും പറന്നിറങ്ങാതായിട്ട് എത്രയോ കാലമായിട്ടുണ്ടായിരുന്നു..
എന്നാൽ ഇപ്പോഴിപ്പോഴായിട്ട് ഏതോ ചില നേരത്തെ ഉണർവുകളിൽ ധിഷണയിലേക്കത് ചിലച്ചാർക്കുന്നുണ്ട്.

ഈ ഉറുമ്പുകളിൽ എത്ര പേർ എം ബി ബി എസും എംഡിയുമൊക്കെ  കഴിഞ്ഞിട്ടുണ്ടാവുമോ എന്തോ...
കാലമേറെക്കഴിഞ്ഞിട്ടും വയറിനകത്ത് വീണ്ടുമാ പഴയ വേദന ഉരുണ്ട് കയറുന്നുണ്ട്.
പഴയ ആ ഡോക്റ്ററെ ഒരിക്കൽ കൂടെ കാണണം,..
അയാളിപ്പോൾ നരച്ച പുരികങ്ങളുള്ള ചുണ്ടിലാ പഴകിയ വാത്സല്യമുള്ള ഒരു വയസ്സനായിക്കാണും! കാണുമ്പോൾ ചിലപ്പോളയാൾ അമ്മയെ ഓർക്കുമായിരിക്കും. അതോ കുഞ്ഞുറുമ്പുകൾ ഫിറോമോൺ തേടും പോലെ പരതി നോക്കി വഴി കണ്ടുപിടിച്ച് ഗുളികകൾക്ക് ചീട്ടെഴുതിത്തന്ന് പിൻവലിയുമോ? പഴയ ആ അമ്മക്കുട്ടിയെ അയാൾ തിരിച്ചറിയുകയേ ഉണ്ടാവില്ല. അതിനാണ് കൂടുതൽ സാദ്ധ്യത. ചിലപ്പോഴാ വയറുവേദനയെ അയാൾ തിരിച്ചറിയുമായിരിക്കും!!
അങ്ങനെയുണ്ടായാൽ അയാളോട്  ചിലപ്പോൾ, ചിലപ്പോൾ മാത്രം, വെറുതെ പറയണം, ആ പഴയ വേദന തന്നെയാണ് ഇതെന്ന്. അമ്മ പോകുമ്പൊ ഇത് മാത്രം ബാക്കി വെച്ചിട്ടായിരിക്കണം പോയതെന്ന്,..
കഥകൾ പറഞ്ഞ് തീരാത്തതു കൊണ്ടായിരിക്കണം, തെരുവിനോട് കഥ പറയാൻ അമ്മ, തെരുവിൻ്റെ എന്തിനേയും സ്വീകരിക്കുന്ന അപാരതയിലേക്ക് സ്വയം ഉപേക്ഷിച്ചതെന്ന്....
ഒറ്റയാക്കപ്പെട്ടതിൻ്റെ ദുസ്വാതന്ത്ര്യം കൊണ്ടായിരിക്കണം, തനിക്കുമിപ്പോൾ തെരുവിനോട് കഥ പറയാൻ മാത്രം സ്നേഹമിപ്പോൾ ഉള്ളിൽ തിങ്ങി നിറയുന്നുണ്ടെന്ന്...
വേറെന്തിനായിരിക്കണം?
വേറെന്തിനായിരിക്കണം കാലമിപ്പോൾ കോപ്പുകൂട്ടുന്നത്?




















Comments

Popular posts from this blog

ഉഭയസമ്മതം