എനിക്ക്
നിന്നെയൊരു
കവിതയായെഴുതണമെന്ന് 
തോന്നുമ്പഴൊക്കെയും
നീ 
മഞ്ഞച്ചൊരു 
ചിരിയും ചിരിച്ച്
മനസ്സിൽ നിന്നിറങ്ങി
ഓടിരക്ഷപ്പെടുന്നത്
എന്തൊരു
ദ്രാവിഡാണ്?
നീയെന്നിൽ
നിറഞ്ഞ്
തുളുമ്പുമ്പഴല്ലേ
ഞാൻ
ഞാനാവുന്നതും,
കാടാകുന്നതും,
പുല്ലാകുന്നതും,
പൂവാകുന്നതും,
കല്ലാകുന്നതും,
ഉരുകിയൊഴുകുന്നതും,
മരമാകുന്നതും,
കനിവാകുന്നതും,
കനവാകുന്നതും,
നിൻ്റെ കാതോരം,
അലയിളകുന്ന
വാക്കാവുന്നതും,
ഇടനെഞ്ചിലെ
മുറിവേറ്റ
മുളന്തണ്ടിലെ
ഇടറിയ
പാട്ടാകുന്നതും..
എന്നിങ്ങനെയൊക്കെ
ഒടുക്കമില്ലാതെ
ഉള്ളിൻ്റെ ഉള്ളിലേക്ക്
പിറുപിറുത്തും
എടി
പൊലാടിച്ചിയേയ്
ഒരു
പത്തുറുപ്പിക
തന്നിട്ട് പോടീ 
കുരിപ്പേ
എന്ന് 
ലോകത്തെയാകെ
ചുണ്ടുകോട്ടി
ഉച്ചത്തിൽ
പരിഹസിച്ചും,
മനസ്സിൻ്റെ
അപതാളത്തിനോട്
കൈകോർത്ത്
പൊട്ടിച്ചിരിച്ച്
നൃത്തം വെച്ചും,
നിന്നിലേക്കെൻ്റെ
ഉച്ചക്കിറുക്കിനെ
തേഞ്ഞു തീരാറായ
ചങ്ങലയുമറുത്ത്,
തിളങ്ങുന്ന 
മുട്ടായിക്കടലാസുമാലയിടീച്ച്, 
പിഞ്ഞിപ്പഴകിയ
വൃത്തിഹീനമായ
കച്ചകളുമുടുപ്പിച്ച്,
നരച്ച മുടിയിഴകളും 
വിറപ്പിച്ച്
അലയാൻ 
വിടണമെന്ന്
കരുതിയതാണ്.
പിന്നെ നീ
ചൂലിൻകെട്ട്
തലമാറി
ഓങ്ങിപ്പിടിച്ച്
എൻ്റെ  പിന്നാലെ
ഓടി വരുന്നതും,
നിൻ്റെ 
അടികിട്ടാതെ
രക്ഷപ്പെടാൻ,
ഞാൻ 
നാല് കാലും പറിച്ച്‌
ഓടിത്തളരുന്നതും
സ്വപ്നം കണ്ട്
ഞെട്ടിയുണർന്നപ്പോഴാണത്
വേണ്ടെന്ന് വച്ചത്.
സത്യം പറയാലോ..
സ്വപ്നത്തിൽ
നിൻ്റെയോട്ടത്തിന്
നല്ല
വേഗമായിരുന്നു
ട്ടൊ...
മുതുകത്തിപ്പഴുമാ
പട്ടച്ചൂചൂലുകൊണ്ടുള്ള
അടിയുടെ
ഞെട്ടലും ചൂടും 
വേദനയും നീറ്റലും
ഹൊ!!
ഇപ്പൊ 
കുത്തിപ്പിടിച്ചിരുന്ന്
ഏതേലുമൊക്കെയൊരു
സിനിമാപ്പാട്ട്
പാടാൻ 
തോന്ന്ണ്ട്
അത്രേയുള്ളൂ.
ബാക്കി സൂക്കേടൊക്കെ
ഭേദായേക്കണു.












Comments

Popular posts from this blog

ഉഭയസമ്മതം