വൈദേശിക
രാസകേളീഗൃഹങ്ങളുടെ
ദൃശ്യചാരുതകളിലേക്ക്,
ലോകത്തിൻ്റെ
പാരമ്യതകളിലേക്ക്,
തുറന്ന
വായനയുടെ
ചതുരതകളിലേക്ക്,
ഇടക്കിടെ
മിഴികളും
മനസ്സും
തുറന്ന് വെക്കുന്ന
പെണ്ണിനെ 
നിങ്ങൾ
ഭയപ്പെടണം.

അവൾ, 
നിങ്ങളുടെ 
ആൺ ധാർഷ്ട്യത്തിൻ്റെ 
ഉന്മത്തതകളെ, 
ആറിഞ്ച് നീളത്തിൻ്റെ
ചടുലതയിൽ 
നിങ്ങൾക്കുള്ള
തീർത്തും 
അനൽപമായ
ആത്മവിശ്വാസം
എന്ന് നിങ്ങൾ
പേരിട്ട് വിളിച്ച്
വളർത്തി 
വലുതാക്കിയ
അഹങ്കാരത്തെ,
ഞാൻ 
ആ 
ടിപ്പിക്കൽ 
ആണല്ല 
എന്ന ജൽപ്പനത്തെ, 
തള്ളവിരലിൻ്റെയും
ചൂണ്ടുവിരലിൻ്റെയും
തുമ്പുകൾ
കൊണ്ട് പോലും
തമ്മിൽ 
തൊടാതെ, 
നഖങ്ങൾ കൊണ്ട്  
തൂക്കിയെടുത്ത്, 
അടുത്ത 
കുപ്പത്തൊട്ടിയിലേക്കിട്ട്, 
ഒരു പുച്ഛച്ചിരിയും 
തോളിലിട്ട്, 
തിരിഞ്ഞൊന്ന് 
നോക്കുക പോലും 
ചെയ്യാതെ, 
നടന്ന് പോയെന്നിരിക്കും.

ടിപ്പിക്കലല്ലാത്ത
ഒരാണും
അവളുടെ
ലോകത്തേക്ക്
ഇന്ന് വരെ
ജനിച്ച് വീണിട്ടില്ല,
എന്നതുകൊണ്ട്
അവൾ
നിങ്ങളുടെ
എഴുത്തുകളെ
കീടനാശിനി 
തളിച്ച് 
ഉണക്കാനിടും.

നിങ്ങളുടെ
സമീപനത്തെ
നിങ്ങൾ
എന്ത് പേരിട്ട്
അവളുടെ മുമ്പിൽ
വെച്ചാലും
നിങ്ങളുടെ 
അധികാരപ്രമത്തതയും
അവളിൽ
അധീശത്വവും
സ്വാധീനവും
ചെലുത്താനുള്ള
നിങ്ങളുടെ
വ്യഗ്രതയും
സമ്മർദ്ദതന്ത്രങ്ങളും
അവൾ 
അരിച്ചെടുത്ത്
വെയിലത്തുണക്കി
ഇടിച്ച് പൊടിയാക്കി 
കാറ്റ് കൊള്ളാ'ത്ത 
പാത്രത്തിലടച്ച്
അലമാരയുടെ 
മൂലക്ക്
പ്രദർശനത്തിന് വെക്കും.

ഇത്രയും 
കഴിഞ്ഞിട്ടും
നിങ്ങൾ
നിങ്ങളുടെ
ഉദ്ദേശശുദ്ധിയെന്ന്
അവളോട്
വാചാലനായാൽ
ടിപ്പിക്കലല്ലാത്ത,, 
അവൾക്ക്
സമകാലീനരായ,,
ആറേ ആറ് 
പുരുഷൻമാരെ
പിതാവൊന്ന്,
പുത്രനൊന്ന്,
ഉടപ്പിറപ്പൊന്ന്,
അവനൊന്ന്, 
ഇവനൊന്ന്.
പിന്നൊരുത്തൻ ജനിച്ചിട്ടുണ്ട്,
സമയമാകുമ്പൊ വരും, 
എന്ന്
നിങ്ങൾക്ക് 
പരിചയപ്പെടുത്തി,
നിങ്ങളെ,
വഴിയെ പോയ
ഏതെങ്കിലും
റോക്കറ്റിൻ്റെ 
വാലിൽകെട്ടി,
തീ കൊളുത്തി,
ചൊവ്വയിലേക്ക്
പറത്തി വിടും.

അതോണ്ട്
മേലെഴുതിയതൊക്കെ
ഒരാവർത്തി കൂടെ
നിങ്ങളൊന്ന്
അമർത്തി വായിക്കണം.
അത്രേയുള്ളൂ.
ഹേയ് മനുഷ്യാ
ഇത് നിങ്ങളെപ്പറ്റിത്തന്നെയാണ്


Comments

Popular posts from this blog

ഉഭയസമ്മതം