ജീവിതം മുറിച്ച് പെറ്റിട്ടതായതുകൊണ്ട്, കഥയൊന്ന്
അവൾക്ക് മന:പാഠമായിരുന്നു.
വീണ്ടുമത് പാടാൻ തുനിഞ്ഞപ്പോഴൊക്കെയും ചെവിയോരത്തെ കഥാകാരിയുടെ വിലക്ക് നെഞ്ചേറ്റി ഓടിവന്ന്  കാലൻകുളത്തിന്റെ ആഴപ്പടവിൽ ചെന്ന് നെറ്റിമുട്ടിച്ച് കണ്ണീർ ചാലിച്ച് ചേർത്ത് ഈറൻ ചമഞ്ഞ് അവൾ പടികൾ കയറിപ്പോയി.
പടികൾ കയറുമ്പോഴൊക്കെയും അവൾ പഴകി നരച്ച നരിച്ചീറൊച്ചകൾ ചേർത്തു കുഴച്ച ആ പഴയ രാത്രികളെക്കുറിച്ചോർത്തു.
ഉറങ്ങിത്തീർത്ത പകലുകളും ചോര വറ്റിപ്പോയ കൺതടങ്ങളും അടികളേറ്റ് ചതഞ്ഞ് കനം വെച്ച തൊലിയിൽ കാറ്റിന്റെ തലോടലും  ചെവിയോരത്ത് തന്നെ മൂളിപ്പറന്നു.
അവസാനം സകലപരിധികൾക്കുമൊടുവിൽ അതിന്ന് കെട്ടും  തുറന്ന് പുറത്തേക്കൊഴുക്കി വിടുകയാണ്.
ബാധിത പ്രദേശങ്ങളിൽ നിന്ന് മാറിപ്പോകാൻ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
താങ്കളുടെ കുടികിടപ്പിലൂടൊഴുകിയെത്തിയാൽ മന: പൂർവ്വം മാത്രമാണ്.
ജീവിതം വിലപ്പെട്ടതാണെന്ന് സ്വയം വിലയിരുത്തുന്നുവെങ്കിൽ വഴി മാറ്റിയെഴുതുക.






Comments

Popular posts from this blog

ഉഭയസമ്മതം