Posts

Showing posts from September, 2019
ഒരു യാത്ര ഞെട്ടറ്റു വീണ  ഇടമാണിത്. പതിയെ, ഒരു പൂവിതൾ കണക്കെ, തീർത്തും നിസംഗമല്ലാതെയും തീർത്തും കാൽപനികമായും ഉതിർന്ന് വീണ ഇടമാണിത്. കാറ്റ് കുലുക്കിയുണർത്താൻ ശ്രമിച്ചിട്ടും ഉച്ച സൂര്യന്റെ പൊൻ കതിരുകളെ സ്വയം വരിച്ച ഇടമാണിത്. പൊള്ളിയർന്നിട്ടും നീർ വലിഞ്ഞിട്ടും നിറച്ചാർത്ത് മാഞ്ഞിട്ടും സൂര്യനെ മാത്രം ധ്യാനിച്ച് കിടന്നയിടമാണിത്. ഇവിടെ നിറഞ്ഞാടുന്ന പൊൻതിരികൾ കുറേ കഥകൾ നിനക്ക് പറഞ്ഞ് തരും. കേട്ടുകേട്ട് പടികൾ കയറിപ്പോവുക. ആത്മശാന്തി നേടുക. വിജയഗാഥകൾ രചിക്കുക. വെളിച്ചവും സംഗീതവും പ്രസരിപ്പിക്കുക. സ്നേഹലോകം ചമക്കുക. ചിരം വാഴുക. സസ്നേഹം!
സ്നേഹസാമ്രാജ്യത്തിലെ റാണിയായി കുടിയിരുത്തപ്പെട്ടിരിക്കുകയാണ്. കാണുന്നതും, കേൾക്കുന്നതും, ധരിക്കുന്നതും, ശ്വസിക്കുന്നതും, ആഹരിക്കുന്നതും, ഉദ്പാദിപ്പിക്കപ്പെടുന്നതും, ഉപോത്പന്നങ്ങളാകുന്നതും സ്നേഹമാണ്. എങ്ങും പ്രകാശമയമാണ്. സംഗീതമയമാണ്. നൂപുരധ്വനിമയമാണ്. നൃത്യമയമാണ് രാഗതാളരസലാസ്യമയമാണ്🖤
മരിച്ചവരുടെ ലോകത്തേക്ക് വീണ്ടും ജനിക്കുമ്പോൾ അവൾക്ക് മുല്ലപ്പൂവിന്റെ ഗന്ധമുണ്ടാകും. മാലാഖമാർ പച്ച റോസാപ്പൂക്കൾ തുന്നിയ പട്ടുറുമാൽ സമ്മാനിക്കും. പ്രണയവും ജീവിതവും ഇഴ പാകിയ മൃദുലത കൊണ്ട് അരഞ്ഞാണം കെട്ടിത്തരും. പൂമ്പൊടിയും നറുതേനും പാൽക്കട്ടികളുമൂട്ടും.
തിരിച്ചൊഴുകുകയാണ്. മലനിരകൾ താണ്ടി ഉറവുകളിലേക്ക്. അവിടുന്ന് പിന്നെ ഭൂഗർഭത്തിലേക്ക് തിരിച്ചിറങ്ങണം. അവിടെയാണെന്റെ നിധികുംഭം എന്നെയും കാത്തിരിക്കുന്നത്. നിനക്ക് വേണ്ടി ഞാൻ വരുന്നുണ്ട്.
നുണകൾക്കും കഥകൾക്കും സുഖമല്ലേ പ്രിയനേ? പ്രണയത്തിനും സൗഹൃദത്തിനും സുഖമല്ലേ? നെഞ്ചോരം ചാഞ്ഞ കണ്ണിമകൾക്കും നീർ പടർന്ന കവിളോരത്തിനും സുഖമല്ലേ? വിതുമ്പിത്തളർന്ന ചുണ്ടിണകൾക്കും വേദന വിങ്ങുന്ന ചങ്കിനും കനലൂതിക്കത്തിക്കുന്ന ഹൃദയത്തിനും സുഖമല്ലേ? ഇടറുന്ന പാദങ്ങൾക്കും തുടിക്കുന്നൊരടിവയറിനും വിറയാർന്ന വിരലുകൾക്കും സുഖമല്ലേ? എന്റെ നേർത്തൊരന്വേഷണം പറയുക. ഒരാശ്വാസത്തിനും ഇടനൽകരുത്. അപ്പൊത്തന്നെ ആ വാക്കുകളെ മായ്ച് കളഞ്ഞേക്കണം.
പ്രളയമായ് പാഞ്ഞ് വരുന്നുണ്ട് ഞാൻ, വന്യമായ് ചിറകടിച്ചും കാലത്തെ തട്ടിത്തെറിപ്പിച്ചുമങ്ങനെ. പതിനായിരം കൈകളാലെന്നെയെതിരേൽക്ക നീ, ദാഹനീരായ് കുടിച്ച് വറ്റിക്കുക. ശേഷമൊന്നായ് ഒഴുകുക. ജനിച്ച് മരിക്കുക. മറിച്ചും ചരിക്കുക. നിനക്കുള്ളതാണ് ഞാൻ.
നിന്റെ പൂക്കളെ ചുംബിച്ചാൽ മാത്രം മതിയോ? നിന്റെ മുള്ളുകളുരഞ്ഞെനിക്ക് നീറണം. നിലയ്ക്കാത്ത രക്തച്ചാലുകളുടെ മുൾമുടിയണിയണം. നിന്റെ കുരിശേറി ഹൃദയം തകർന്ന് മരിക്കണം. വീണ്ടുമെനിക്ക് ഉയിർക്കണ്ട നിലാവേ. എല്ലാം മറന്ന് കിടന്നുറങ്ങിയാൽ മതി. നമ്മുടെ പ്രണയ സ്വപ്നങ്ങളിൽ നീ ആവേശിച്ചാൽ മതി. ഉറയൂരിയെറിയുന്ന പ്രണയാർദ്ര നിമിഷങ്ങളിൽ മരണത്തിന്റെ വിത്തുകളായ് എന്നിൽ പുനർജ്ജനിച്ചാൽ മാത്രം മതി. അറിയാമോ വേദന ഒരു ലഹരിയാണ്. ഇഞ്ചിഞ്ചായി വേദനയനുഭവിച്ച് മരിക്കുന്നത് ആത്മാവിന്റെ രതിയാണ്.
കുഞ്ഞുന്നാളിലെ കൂട്ടിവെക്കലുകളുടെ ഓർമപ്പുസ്തകമാണ്  സഞ്ചയിക. ജീവിതത്തിന്‍റെ താളം മുറിയുമ്പോഴും ദ്രുതമാകുമ്പോഴും അലസമായി ഒഴുകുമ്പോഴും കടപുഴകി വീഴുമ്പോഴും നിന്‍റെ മുടിയിൽ ചുറ്റി കാലിടറിപ്പോകുമ്പോഴും ചങ്ങലക്കിലുക്കം തേടുമ്പോഴും എന്‍റെ സിരകളിൽ നിന്‍റെ പ്രണയനിശ്വാസമാണ്. അതൊക്കെ ഇവിടെ ചിതറിത്തെറിപ്പിക്കാൻ, വാരിക്കളിക്കാൻ, ഇടക്ക് നാണയത്തുട്ടുകൾ കിലുക്കിയിടാൻ ഇനി ഇവിടെയുണ്ടാകും. 

മുഖവുര

മാറ്റം തേടി എത്തിയതാണ്. എഴുതാനും വായിക്കാനും. ഇവിടുത്തെ ദിനചര്യകൾ ഒട്ടുമറിയില്ല. സഹായിക്കുക. സഹകരിക്കുക.