ഇന്നുറങ്ങാൻ കിടക്കുമ്പോൾ നെഞ്ചിനകത്ത് പൂനിലാവാണ്. ചുറ്റിലും നാട്ടുമുല്ലപ്പൂ മണമാണ്. ഓരോ നിനവുകളിലും നിന്റെ ചുംബനത്തിന്റെ ചൂടുള്ള പിടച്ചിലുകളാണ്. ഹർഷത്തിന്റെ കടുന്തുടിയൊച്ചയാണ്. ഉറങ്ങാൻ കിടക്കുവാണെന്ന് ചുമ്മാ പറയുവാണ്. ഞാനിന്നെങ്ങനെ ഉറങ്ങാനാണ്.
Posts
Showing posts from June, 2021
- Get link
- X
- Other Apps
"എനിക്കെഴുതണം" ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ ചെറുതീയിൽ കാച്ചെണ്ണ കുരുമുളകിട്ട് മുറുക്കിയെടുക്കുമ്പോലെ, പൂവത്തിൻ വേരുകൾ ചാഞ്ഞ പുത്തൻകുളത്തിലെ നീരോളം പടർന്ന നിന്റെ പൊൻമുടിത്തിളക്കം അലസമായി നീ നെറുകയിലേക്ക് ചുറ്റിക്കെട്ടുമ്പോലെ, നാലുമണി ബെല്ലടിക്കാൻ കാത്ത് മണിക്കൂർ കണക്കിന് ആലിൻ ചുവട്ടിൽ സ്കൂളിടവഴി മലർന്നു കിടക്കണ പോലെ, പടിക്കെട്ടിന് വലതായി പന്തലിച്ച ഗന്ധരാജന്റെ വിടർന്ന പൂക്കളിലേക്ക് കുഞ്ഞൻ കൊടിമുല്ല കോടി പൂത്തിറങ്ങണ പോലെ, കാട്ടുമുളങ്കൂട്ടിൽ മിന്നാമിന്നിക്കൂട്ടം ആർത്ത് മിന്നിപ്പറക്കും പോലെ, പാറക്കൂട്ടത്തിലെ ഒറ്റയാൽ പൊത്തിൽ മഴയെ കോക്രി കാണിച്ച് അവളൊറ്റക്ക് ഒളിച്ചിരിക്കുമ്പോലെ, സൂര്യൻ ചിരിക്കുമ്പോലെ, പകൽ ഇരമ്പും പോലെ, താങ്ങ് തേടിയ നിന്റെ പ്രണയം എന്നെ ചുറ്റി വരിയും പോലെ, എനിക്ക് നിന്നെ എഴുതണം. എത്ര എഴുതിയാലും അവസാനിക്കാതെ, എന്തെഴുതിയാലും അവസാനിക്കാതെ, എനിക്ക് നിന്നെ എഴുതണം. കാരണം ഒന്നേയുള്ളൂ.. കുണ്ടൻ കിണറ്റീന്ന് മാനത്തോളവും അതിനുമപ്പുറവും ഇങ്ങേപ്പുറവും ഞാൻ, നീ മാത്രമാണെന്ന്..
- Get link
- X
- Other Apps
ഒരൊറ്റ അച്ചിൽ ജനിച്ചതെങ്കിലും എനിക്കെൻ്റെ കവിതകളെ രണ്ട് മൂന്ന് തരം ചായങ്ങൾ ചേർത്ത് പ്രച്ഛന്ന വേഷം കെട്ടിച്ച് വെവ്വേറെ മുഖച്ഛായകളിൽ ഒരുക്കി വെവ്വേറെ പേരുമിട്ട്, പേരു തോന്നാത്തതിന് ഒന്ന് രണ്ട് മൂന്ന് എന്നൊക്കെ അക്കപ്പേരെെങ്കിലും ചാർത്തി ഈ തെരുവിൻ്റെ ഏറ്റവും വീതി കൂടിയ ഓരത്ത് നിരത്തി വിൽക്കാൻ വെക്കണം. ഏതെങ്കിലും പൊട്ടബുദ്ധികൾ, ദൈവമെന്ന് കരുതി, വാങ്ങിക്കൊണ്ടുപോയി, ഒരു കരിന്തിരിയെങ്കിലും തെളിയിച്ചെങ്കിലോ.... ആത്മാവിൽ ദരിദ്രരായവർ ഒറ്റരൂപക്ക് പാതയോരത്ത് നിന്ന് വിലപേശി വാങ്ങിയ മൺവിളക്കുകളിൽ വിളക്കെണ്ണ മുക്കിയ തിരികളണിയിച്ച് വെളിച്ചം കാണിക്കുന്ന ലോകത്തേക്കാണ് ദെെവത്തിൻ്റെ റോളിലഭിനയിക്കാൻ അവർ തിരഞ്ഞെടുക്കപ്പെട്ടേക്കുക. ബാക്കി വരുന്നവ വെള്ളമൊഴിച്ച് കുതിർത്ത് മൺകൂനകളാക്കി വീണ്ടും ചവിട്ടിക്കുഴക്കണം. വീണ്ടുമതേ അച്ചിലിട്ട് വാർക്കണം.
- Get link
- X
- Other Apps
ആകാശം വെയിൽ കാറ്റ് കടൽ.. മഞ്ഞ നിറമുള്ള കുഞ്ഞു പൂക്കൾ തലയാട്ടി ചിരിക്കുന്ന പുൽപ്പരപ്പ്.. അതിമനോഹരമായൊരു തലവേദന.. ശർക്കരയലിയിച്ച ചൂടൻ കടും കാപ്പി.. പാതി മയക്കത്തിൽ സ്വപ്നം പോലെ നെറുകയിൽ പതിഞ്ഞ ഒരുമ്മ.. എന്റെ കവിത പിറക്കാനിരിക്കുന്നതേയുള്ളൂ.. തീർച്ചയായും അതൊരു സൂര്യന്റെ കഷണമായിരിക്കും.. ഇപ്പഴേ പൂമ്പാറ്റച്ചിറകടികൾ കേൾക്കുന്നുണ്ടെനിക്ക്..
- Get link
- X
- Other Apps
സമീകൃതമെന്നോ അമൃതെന്നോ ഒക്കെ സുഖിപ്പിച്ച് വിശേഷിപ്പിച്ച് നിങ്ങൾ ഒതുക്കിക്കളയാൻ എത്ര ശ്രമിച്ചാലും സാമുദായിക സമ്പ്രദായങ്ങളിൽ വിശ്വാസമില്ലാത്ത, കാച്ചുപാത്രത്തിൻ്റെ ചെരിഞ്ഞിരിക്കലുകളിൽ താഴ്ന്ന പ്രദേശത്തിൻ്റെ ഒഴുക്കു സൗകര്യം തീരെ പരിഗണിക്കാത്ത, ഒരു സവിശേഷസൂചികയാണ് പാല്, തിളക്കുന്തോറും കുറുകിയാലും, കണ്ണൊന്ന് തെറ്റുന്ന നിമിഷാർദ്ധത്തിൽ തിളച്ചൊഴുകിപ്പരന്ന് ലോകത്തിൻ്റെ മുഴുവൻ ദാഹത്തേയും ഒറ്റനിമിഷംകൊണ്ട് ശമിപ്പിച്ച് ഞാനൊന്നുമറിഞ്ഞില്ലെന്ന് പാടയും ചൂടി പറ്റിക്കിടക്കും. അതുകൊണ്ട് ഞാനിടക്കിടെയങ്ങ് മനപൂർവ്വം കണ്ണടക്കാൻ പഠിക്കുവാണ്. ലോകത്തിൻ്റെ മോഹങ്ങൾ എന്നെയും മോഹിപ്പിച്ച തീരെ മറക്കരുതാത്ത ആ ഒരു കാലമുണ്ടായിരുന്നല്ലോ എനിക്കും....
- Get link
- X
- Other Apps
"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട് ചോദിക്കാതെ അവളെ തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്യുന്നു. അമരവിത്തൊരെണ്ണം പോസ്റ്റിട്ട് മുളപ്പിച്ച് സ്വയം ലൈക്കടിച്ച് നട്ടുവളർത്തുന്നു. ആദ്യത്തെ കമൻ്റ് സ്വയമെഴുതി ആകാശത്തേക്ക് കൈകൾ നീട്ടുന്നു. പടരാനെന്നോണം പടർപ്പൊരെണ്ണം അവൻ കമൻ്റിട്ട് പടർത്തി വളർത്തുന്നു. പൂമൊട്ടുകൾ വിടർന്ന് വാദപ്രതിവാദങ്ങളിലൂടെ കായ് പിടിക്കുന്നു. ശലഭങ്ങൾ പുഴുക്കൾ വീണ്ടും ലൈക്കടിക്കാനെത്തുന്നു. മഴവന്ന് എത്തിനോക്കിപ്പോകുന്നു. വെയിലിൻ്റെ കമൻ്റ് മഴ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിക്കുന്നു. തെക്കൻ കാറ്റ് വന്ന് കുത്തിട്ട് പിന്നെ വന്ന് വായിക്കാമെന്ന് പറഞ്ഞ് പോകുന്നു. ഉറുമ്പിൻ കുഞ്ഞുങ്ങൾ വെട്ടുകിളികളുടെ തെരുക്കൂത്ത് കാണാൻ കമൻ്റ് ബോക്സിൽ പായ വിരിച്ച് കിടക്കുന്നു. മിന്നാമിനുങ്ങുകൾ പച്ച വെളിച്ചവും തെളിച്ച് പിന്തുണ പ്രഖ്യാപിക്കാനെത്തുന്നു. ഇത്രയുമാവുമ്പോൾ അവന് ദേ...
- Get link
- X
- Other Apps
ഞാൻ നിനക്കുള്ള എന്നെ, ഫേസ്ബുക്കിൽ നിന്ന് നിന്റെ വാട്സാപ്പിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നു. നീ ഡാറ്റാ കണക്ഷനും പൂട്ടി വെച്ച് എനിക്കുള്ള നിന്നെ, തപസിനയക്കുന്നു. സംക്രമങ്ങൾ കഴിഞ്ഞ് വന്നെത്തി നോക്കി, മുരടനക്കാതെ, മറുചൊല്ലലില്ലാതെ, പതിയെ മടങ്ങുന്നു. എന്റെ തൊണ്ട വറ്റുന്നു. മറ്റൊരു സർവീസ് പ്രൊവൈഡറെ സമീപിക്കാൻ നീ 🙏 ഇമോജി കൊണ്ടൊരു മെസേജിടുന്നു. എന്നേക്കുമായി ഞാൻ അറ്റു വീഴുന്നു.
- Get link
- X
- Other Apps
നീയാകുന്ന ഭ്രമണപഥത്തിലേക്ക് ഞാനാകുന്ന ഉപഗ്രഹം ചിറക് വിടർത്തുന്നു. പാനലുകളിൽ സൗരനാളങ്ങൾ നൃത്തം ചെയ്യുന്നു. ഭൂമിയിൽ, ക്ലബ്ബ് ഹൗസിൽ എന്റെ ദൈവമോ നിന്റെ ദൈവമോ, കോഴിയോ മുട്ടയോ, മാങ്ങയോ അണ്ടിയോ, എന്നിങ്ങനെയുള്ള തീരുമാനമാക്കിയ ചർച്ചകളിൽ നിന്ന് ഇറങ്ങി ഓടിയ മനുഷ്യർ ഫേസ്ബുക്കിൽ പോസ്റ്റിടുന്നു. നീയെന്നെ കൈവിടുന്നു. ഏതെങ്കിലും ഒരറബിക്കടൽ വാതിൽ തുറന്നു തരുമെന്ന് ഞാൻ തിരിച്ചു പോരുന്നു. കടൽ സമാധി, എന്നേക്കുമായുള്ള നിശ്ചലത കൂടെയാകുന്നു. വിവരമില്ലെങ്കിലും മാതൃഭൂമി ഒരു ജനാധിപത്യ ദേശമാകുന്നു.