Posts

Showing posts from 2020
വൈദേശിക രാസകേളീഗൃഹങ്ങളുടെ ദൃശ്യചാരുതകളിലേക്ക്, ലോകത്തിൻ്റെ പാരമ്യതകളിലേക്ക്, തുറന്ന വായനയുടെ ചതുരതകളിലേക്ക്, ഇടക്കിടെ മിഴികളും മനസ്സും തുറന്ന് വെക്കുന്ന പെണ്ണിനെ  നിങ്ങൾ ഭയപ്പെടണം. അവൾ,  നിങ്ങളുടെ  ആൺ ധാർഷ്ട്യത്തിൻ്റെ  ഉന്മത്തതകളെ,  ആറിഞ്ച് നീളത്തിൻ്റെ ചടുലതയിൽ  നിങ്ങൾക്കുള്ള തീർത്തും  അനൽപമായ ആത്മവിശ്വാസം എന്ന് നിങ്ങൾ പേരിട്ട് വിളിച്ച് വളർത്തി  വലുതാക്കിയ ആ അഹങ്കാരത്തെ, ഞാൻ  ആ  ടിപ്പിക്കൽ  ആണല്ല  എന്ന ജൽപ്പനത്തെ,  തള്ളവിരലിൻ്റെയും ചൂണ്ടുവിരലിൻ്റെയും തുമ്പുകൾ കൊണ്ട് പോലും തമ്മിൽ  തൊടാതെ,  നഖങ്ങൾ കൊണ്ട്   തൂക്കിയെടുത്ത്,  അടുത്ത  കുപ്പത്തൊട്ടിയിലേക്കിട്ട്,  ഒരു പുച്ഛച്ചിരിയും  തോളിലിട്ട്,  തിരിഞ്ഞൊന്ന്  നോക്കുക പോലും  ചെയ്യാതെ,  നടന്ന് പോയെന്നിരിക്കും. ടിപ്പിക്കലല്ലാത്ത ഒരാണും അവളുടെ ലോകത്തേക്ക് ഇന്ന് വരെ ജനിച്ച് വീണിട്ടില്ല, എന്നതുകൊണ്ട് അവൾ നിങ്ങളുടെ എഴുത്തുകളെ കീടനാശിനി  തളിച്ച്  ഉണക്കാനിടും. നിങ്ങളുടെ സമീപനത്തെ നിങ്ങൾ എന്ത് പേരിട്ട് അവളുടെ മുമ്പിൽ വെച...

വെളിച്ചപ്പാട് മുത്തശ്ശൻ

നെടുമ്പാതയോരത്തെ ചരൽപ്പറമ്പിൽ രാക്കാലമഞ്ഞേറ്റും, നട്ടുച്ച വെയിലേറ്റും, പിന്നെ  തോരാമഴയേറ്റും, കിളിപ്പേച്ചുകൾ കേട്ടും, യക്ഷിപ്പാലച്ചോട്ടിലെ കൽവിളക്കിൻ  പടിമേൽ ഒരു കാലും  മടക്കിവെച്ച്, മറുകാലിലെ ചിലമ്പും കിലുക്കി, തെച്ചിപ്പൂ തോൽക്കണ ഇടംകയ്യോണ്ട് തുമ്പിക്കൈ വണ്ണള്ള ഇടത്തെ തുടമേൽ താളോം പിടിച്ച്, അരുകിലിരിക്കണ പാനിയിലെ  കള്ളിനോട്  കണ്ണുമിറുക്കി, മുള്ളുമുരിക്കിൻകാട്  പൂത്തിറങ്ങിയ പോലെ ആകെ ചുവന്നവൾ ഭദ്രകാളി !!!  ഭൂതത്താൻ  ചിറയിൽ, കണ്ണ് കലങ്ങോളം  മുങ്ങി നീർന്ന്, ചോന്നതും കെട്ടിച്ചിറ്റി, ഭസ്മവും മഞ്ഞളും സിന്ദൂരോം  മതിയോളം വാരിപ്പൂശി, അരമണിയും  ചിലപ്പിച്ച്, അരിമണിയും വാരിയെറിഞ്ഞ്, അലറിപ്പൂ മാലയുമിട്ട്, കലികൊണ്ട് കലികൊണ്ട്, വാളും തിളക്കി, നരച്ച ജഡയും കോതി നീർത്തി, "ൻ്റെ ദേവ്യേ" ന്ന് കിണഞ്ഞ് വെളിച്ചപ്പാട് മുത്തശ്ശൻ.. "നീയാ ആലിൻ ചോട്ടിൽ പോയിരിക്ക് ശവിയേ, ഞാനിതൊന്നൊരു തീരുമാനമാക്കട്ടെ"  ന്ന് കള്ളിനെ പ്രേമിച്ചവൾ ഭദ്രകാളി !!! "ഇബ്ടെ വാടീ, നിന്നെ ഞാനൊന്ന് നല്ലോണം കാണട്ടെ"ന്ന് ആവോളം കിന്നരിച്ച് വെളിച്ചപ്പാട് മുത്തശ്ശൻ.. "നീയാ വടക്കേലെ ശാരദേനെ പോ...
എനിക്ക് നിന്നെയൊരു കവിതയായെഴുതണമെന്ന്  തോന്നുമ്പഴൊക്കെയും നീ  മഞ്ഞച്ചൊരു  ചിരിയും ചിരിച്ച് മനസ്സിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടുന്നത് എന്തൊരു ദ്രാവിഡാണ്? നീയെന്നിൽ നിറഞ്ഞ് തുളുമ്പുമ്പഴല്ലേ ഞാൻ ഞാനാവുന്നതും, കാടാകുന്നതും, പുല്ലാകുന്നതും, പൂവാകുന്നതും, കല്ലാകുന്നതും, ഉരുകിയൊഴുകുന്നതും, മരമാകുന്നതും, കനിവാകുന്നതും, കനവാകുന്നതും, നിൻ്റെ കാതോരം, അലയിളകുന്ന വാക്കാവുന്നതും, ഇടനെഞ്ചിലെ മുറിവേറ്റ മുളന്തണ്ടിലെ ഇടറിയ പാട്ടാകുന്നതും.. എന്നിങ്ങനെയൊക്കെ ഒടുക്കമില്ലാതെ ഉള്ളിൻ്റെ ഉള്ളിലേക്ക് പിറുപിറുത്തും എടി പൊലാടിച്ചിയേയ് ഒരു പത്തുറുപ്പിക തന്നിട്ട് പോടീ  കുരിപ്പേ എന്ന്  ലോകത്തെയാകെ ചുണ്ടുകോട്ടി ഉച്ചത്തിൽ പരിഹസിച്ചും, മനസ്സിൻ്റെ അപതാളത്തിനോട് കൈകോർത്ത് പൊട്ടിച്ചിരിച്ച് നൃത്തം വെച്ചും, നിന്നിലേക്കെൻ്റെ ഉച്ചക്കിറുക്കിനെ തേഞ്ഞു തീരാറായ ചങ്ങലയുമറുത്ത്, തിളങ്ങുന്ന  മുട്ടായിക്കടലാസുമാലയിടീച്ച്,  പിഞ്ഞിപ്പഴകിയ വൃത്തിഹീനമായ കച്ചകളുമുടുപ്പിച്ച്, നരച്ച മുടിയിഴകളും  വിറപ്പിച്ച് അലയാൻ  വിടണമെന്ന് കരുതിയതാണ്. പിന്നെ നീ ചൂലിൻകെട്ട് തലമാറി ഓങ്ങിപ്പിടിച്ച് എൻ്റെ  പിന്നാലെ...

ക്ഷമ

കാറ്റത്ത് പാറാനിട്ട  അമ്മിക്കല്ല് പോലെ, ജീവിതം ഉച്ചതിരിഞ്ഞ  മനുഷ്യത്തിയൊരുത്തി, അകക്കണ്ണിൽ അലക്കി ഉണക്കാനിട്ട  കനപ്പെട്ട ചിന്തകളെയും കൂവി വിളിച്ച്,  ഉറവുപിടിച്ച് ചേറു കുഴയുന്ന കന്നിടവഴികളുടെ,  അവസാനത്തെയറ്റത്ത് ചുരുണ്ടു മടങ്ങിക്കിടക്കുന്ന,  ഒറ്റയാക്കപ്പെട്ട കാലിവണ്ടികൾ  വല്ലപ്പോഴും കടന്നു പോകുന്ന, കാലിച്ചന്തയിലേക്ക് നീളുന്ന,  പൊട്ടിപ്പൊളിഞ്ഞ  വഴിയോരത്തേക്ക്,  നടന്നു തീർത്ത കൽവഴികളുടെ, നിലവിളിപ്പാടുകൾ ചിത്രം വരച്ച,  കോച്ചിപ്പിടിച്ച്,  രക്തച്ഛവി വറ്റിപ്പോയ  കാൽപ്പാദങ്ങളും വലിച്ച്  നടക്കാനിറങ്ങുമ്പോൾ, കായലലകൾ  കൈകൾകോർത്ത് വഴിയിലേക്ക്  നെടുങ്ങനെ  വിറങ്ങലിച്ച് കിടന്ന്, ചങ്ങലക്കൊളുത്തലുകളുടെ ഓർമകളിൽ നിന്നവളെ  മുച്ചൂടും സ്വതന്ത്രയാക്കുന്നു. നീയെന്തിനാണിപ്പോഴേ  ഈ പാതയോരത്തേക്ക്  ഓടി വന്നതെന്നും,  തൊണ്ടഴുകാനിട്ട  പതിവിടങ്ങളിൽ  പതുങ്ങിക്കിടന്നാൽ പോരേയെന്നും  അവൾ അത്ഭുതം കൂറുന്നു. കഴിഞ്ഞ കാലത്തേ തന്നെ,  കുഞ്ഞു ചെമ്പുകുടത്തിൽ മുദ്രവച്ച്,  ശീവാേതിപ്പുരയിലേക്ക്  ...
കോശങ്ങളിൽ  കടലിരമ്പുകയും,  രക്താണുക്കളിൽ  വെയിൽപ്പൂക്കൾ  ചിരിക്കുകയും, ചിന്തകളിൽ  നിലാവുദിക്കുകയും,  ശ്വാസത്തിൻ്റെ തീരത്തൊരു പൊൻചെമ്പകം പൂക്കുകയും, ഹൃദയത്തുടിപ്പിൽ, പ്രണയമത്സ്യമേ നിൻ്റെ സംഗീതം  തേൻമഴയായ് തിമർത്ത്  പെയ്യുകയും, ചെയ്യുമ്പോൾ എൻ്റെ ത്വരകളിൽ നീ നീന്താനിറങ്ങുന്നു. നിൻ്റെയാ കടലാഴം  കണ്ണുകളിലെ കാട്ടുതീയിൽ ഞാൻ കത്തിച്ചാമ്പലാവുമ്പോൾ, ഒരു  ദീർഘചുംബനത്തിൻ്റെ ഒടുവിലത്തെ മാത്രയിൽ ചുണ്ടുകൾ  മുറിച്ചെൻ്റെ പ്രണയരക്തം നീയൂറ്റിയെടുക്കുമ്പോൾ, ഞാൻ നിൻ്റെ വേലിയേറ്റങ്ങളിലേക്ക് വേരറ്റ് മറിഞ്ഞ്  വീണ് ഒഴുകിത്തുടങ്ങുന്നു. ഓരോ പരമാണുവും പരമമായ ആനന്ദത്തിലേക്ക് ആഴ്ന്ന് പോകുന്നു.
അവർ രണ്ടായിരുന്നില്ല, ഒന്നായിരുന്നു.  ഒരമ്മ പെറ്റ  ഇരട്ട മക്കൾ തേനിറ്റു വീഴുന്ന  ജീവൻ തുടിക്കുന്ന കവിതകളുടെ  അപ്പോസ്തലന്മാർ. എനിക്ക്  മുൻപരിചയമില്ലാത്തവർ. മഴവില്ലഴകുള്ള പൂമ്പാറ്റച്ചിറകുകൾ  ഒരു പോലെ കണ്ടപ്പോൾ  കൗതുകം കൊണ്ട്  ഓടിയടുത്ത് ചെന്നിട്ട് നിങ്ങൾ രണ്ടും ഒന്നാണോ  എന്ന്  ചോദിച്ചെന്നതായിരുന്നു   എൻ്റെ കുറ്റം. അവരെന്റെ  തീർത്തും നിഷ്കളങ്കമായ ബാല്യകുതൂഹലത്തെ  ചെന്നായ്ക്കളുടെ നടുവിലേക്ക്   അരിഞ്ഞിട്ടു കൊടുത്തിട്ട്  അവയെ ഭക്ഷിപ്പാനായ് ക്ഷണിച്ചു.  അവ  തിന്ന് ക്ഷീണിച്ച്  ദാഹിച്ചപ്പോൾ  അവക്ക് കുടിവെള്ളം കൊടുത്തു. മരിച്ചിട്ടും  ഓടിപ്പോകാനാകാതെ  ഞാനവിടെത്തന്നെ  തരിച്ച് നിൽപ്പുണ്ടായിരുന്നു. അതിലൊരാൾ  തിരിഞ്ഞുനിന്ന്  എന്നോട് ചോദിച്ചു.  നിങ്ങൾക്കൊട്ടും വേദനിച്ചില്ലല്ലോ? ഇല്ല,  ഞാൻ പറഞ്ഞു. അവർ  കൈകൾ കോർത്ത്  നടന്നു പോയി. ഞാൻ  എൻ്റെ ജൈവികതയിലേക്ക്, ചുളിഞ്ഞ തൊലിയും,  കിതക്കുന്ന ശ്വാസവും, മങ്ങിയ കാഴ്ചയുമുള്ള അമ്പലനടയിലെ, അനാഥത്വത്തിൻ്റെ ...
ഭ്രമാത്മക ചിന്തകളുടെ മലമ്പാതകളിലേേക്ക് നിങ്ങൾ 85 മോഡൽ തുറന്ന ജീപ്പോടിച്ച് കയറ്റുമ്പോഴാണ് കഥകളുടെ വസന്തം ചരിത്രത്താൽ പൂക്കുന്നത്.  നിശബ്ദതയുടെ താഴ്വാരത്ത് വച്ച് നിലാവിൻ്റെ നീർച്ചാലുകൾ ഉറപൊട്ടിയൊഴുകി വന്ന് നിങ്ങളുടെ പ്രണയസങ്കൽപ്പങ്ങളെ തച്ചുതകർക്കുന്നിടത്ത് നിങ്ങൾ നിങ്ങളുടെ സ്വെറ്റർ ഊരിക്കളഞ്ഞാ കുളിരിനെ ഹൃദയത്താൽ ആവാഹിക്കും.  പിന്നെയും വളവുകൾ തിരിഞ്ഞ് കയറുമ്പോൾ മേഘങ്ങളിൽ സാളഗ്രാമങ്ങൾ ഉറഞ്ഞ് അവളായിമാറുന്നത് നിങ്ങൾ കാണും.  അവളുടെ നീറ്റലുകൾ, പരിഭവങ്ങൾ നിങ്ങളിലെ ചിന്തകളെ, ദൃശ്യങ്ങളെ തകിടംമറിക്കുന്നതറിഞ്ഞിട്ടും നിസ്സഹായനായവളെ കയ്യേൽക്കുകയല്ലാതെ നിങ്ങൾക്ക് മറ്റൊന്നും ചെയ്യാനുണ്ടാവില്ല.  എഴുതിത്തുടങ്ങുമ്പോൾ, ചാറ്റൽ മഴയായി നിങ്ങളുടെ തൊണ്ടക്കുഴിയിൽ ചുംബിച്ചു കൊണ്ട് കണ്ണുകളിലേക്കൂളിയിട്ടവൾ, ആർത്തലച്ച് പെയ്ത് നിങ്ങളെ കഴുകിത്തുടച്ച് നിങ്ങളുടെ ഹൃദയവും ചുരണ്ടിയെടുത്ത് അതിന് പകരമവിടെ അവളുടെ ഭ്രാന്തുകളെ പ്രതിഷ്ഠിക്കുന്ന നിമിഷത്തിൽ, തിരിച്ചിനിയൊരു യാത്രയില്ലെന്നും ഇക്കണ്ട കാഴ്ചകളൊന്നും ഒരു കാഴ്ചകളേ അല്ലായിരുന്നുവെന്നും അവളിലേക്ക് തട്ടിമറിഞ്ഞ് വീണ് തൂവിപ്പോവുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്ന...
സ്വയം മറന്ന് വേണം   വിഷപ്പല്ലുകൾ  പോറ്റിവളർത്തിയ പിളർന്ന നാക്കുകളുടെ  സ്വന്തം വാക്കുകളെ  സത്യാന്വേഷികളുടെ, കുതുകികളുടെ ഹൃദയങ്ങളിലേക്ക് തൊടുത്തുവിടാൻ. വേദനകൾ മറവിയുടെ ലഹരിയിലേക്ക്  ആണ്ടുപോകുന്നതുകൊണ്ട്,  വീണുപോയവരുടെ ആരവങ്ങൾ  കാതുകളിലേക്കെത്തും മുന്നെ,  ശൂന്യതയിൽ  ലയിച്ചില്ലാതായിക്കോളും. ഉറക്കത്തിൽ  മരിച്ചുപോയവർ  ഉയിർത്തെണീറ്റ്  വരുംമുമ്പെ, ഒഴിഞ്ഞ  വിഷക്കുപ്പികളിലേക്ക്   ദുരൂഹമായി  കൊല്ലപ്പെട്ടവരെപ്പറ്റിയെഴുതുന്ന വിലാപകാവ്യങ്ങൾ  കോരിനിറക്കാവുന്നതേയുള്ളൂ  നമുക്ക്.. പുകയാളി മരവിച്ച  വിലാപകാവ്യങ്ങളും  കവിതകളും  മറുകവിതകൾ  വരും വരെ  വേദികളിൽ നിറഞ്ഞാടി  കുഴഞ്ഞ് വീണ്  മരിച്ചോളും. തെളിവില്ലായ്മയുടെ  അകമ്പടിയോടെ,  സത്യം,  കഥകൾ നിറച്ച  തോൾസഞ്ചിയുമായി പടികടന്ന് വരുമ്പോഴേക്കും, ശവപ്പെട്ടികൾക്കുള്ളിൽ  അവ  വേര്പിടിച്ച്  വളർന്നോളും. അല്ലെങ്കിലും  ആഘോഷങ്ങളുടെ  കുരുക്കഴിക്കാൻ  ആർക്കാണിപ്പോൾ  സമയം? കുരുക്കുകളെ  വെറുതെ...

ലോകം

"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു.  പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട് ചോദിക്കാതെ അവളെ തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്യുന്നു. അമരവിത്തൊരെണ്ണം പോസ്റ്റിട്ട് മുളപ്പിച്ച് സ്വയം ലൈക്കടിച്ച് നട്ടുവളർത്തുന്നു. ആദ്യത്തെ കമൻ്റ് സ്വയമെഴുതി ആകാശത്തേക്ക് കൈകൾ നീട്ടുന്നു. പടരാനെന്നോണം പടർന്നപ്പൊരെണ്ണം അവൻ കമൻ്റിറിട്ട് പടർത്തി വളർത്തുന്നു. പൂമൊട്ടുകൾ വിടർന്ന് വാദപ്രതിവാദങ്ങളിലൂടെ കായ് പിടിക്കുന്നു.  ശലഭങ്ങൾ പുഴുക്കൾ വീണ്ടും ലൈക്കടിക്കാനെത്തുന്നു. മഴവന്ന് എത്തിനോക്കിപ്പോകുന്നു. വെയിലിൻ്റെ കമൻ്റ് മഴ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിക്കുന്നു. തെക്കൻ കാറ്റ് വന്ന് കുത്തിട്ട് പിന്നെ വന്ന് വായിക്കാമെന്ന് പറഞ്ഞ് പോകുന്നു. ഉറുമ്പിൻ കുഞ്ഞുങ്ങൾ വെട്ടുകിളികളുടെ തെരുക്കൂത്ത് കാണാൻ കമൻ്റ് ബോക്സിൽ പായ വിരിച്ച് കിടക്കുന്നു. മിന്നാമിനുങ്ങുകൾ പച്ച വെളിച്ചവും തെളിച്ച് പിന്തുണ പ്രഖ്യാപിക്കാനെത്തുന്നു. ഇത്രയുമാവുമ്പോൾ അവന് ദേ...

എന്താവോ?

സമീകൃതമെന്നോ  അമൃതെന്നോ  ഒക്കെ സുഖിപ്പിച്ച് വിശേഷിപ്പിച്ച്  നിങ്ങൾ ഒതുക്കിക്കളയാൻ എത്ര ശ്രമിച്ചാലും സാമുദായിക സമ്പ്രദായങ്ങളിൽ  വിശ്വാസമില്ലാത്ത, കാച്ചുപാത്രത്തിൻ്റെ  ചെരിഞ്ഞിരിക്കലുകളിൽ താഴ്ന്ന പ്രദേശത്തിൻ്റെ ഒഴുക്കു സൗകര്യം തീരെ പരിഗണിക്കാത്ത, ഒരു സവിശേഷസൂചികയാണ് പാല്, തിളക്കുന്തോറും കുറുകിയാലും, കണ്ണൊന്ന് തെറ്റുന്ന നിമിഷാർദ്ധത്തിൽ തിളച്ചൊഴുകിപ്പരന്ന് ലോകത്തിൻ്റെ  മുഴുവൻ  ദാഹത്തേയും ഒറ്റനിമിഷംകൊണ്ട് ശമിപ്പിച്ച് ഞാനൊന്നുമറിഞ്ഞില്ലെന്ന് പാടയും ചൂടി പറ്റിക്കിടക്കും. അതുകൊണ്ട് ഞാനിടക്കിടെയങ്ങ് മനപൂർവ്വം കണ്ണടക്കാൻ പഠിക്കുവാണ്. ലോകത്തിൻ്റെ മോഹങ്ങൾ എന്നെയും മോഹിപ്പിച്ച തീരെ മറക്കരുതാത്ത ഒരു കാലമുണ്ടായിരുന്നല്ലോ.

ഹൃദയായനം

"ഇരവിഴുങ്ങിക്കിടക്കുന്നൊരു പെരുമ്പാമ്പിനെ ഓർമ്മിപ്പിക്കുന്ന മലമ്പാതയുടെ  അവസാനത്തെ കൊടുംവളവിൽ" എന്ന് എഴുതിത്തുടങ്ങണമെന്നാണ് കരുതിയിരുന്നത്. ക്ലീഷേകൾ ഒഴിവാക്കാമെന്ന് കരുതിയാണ് "നില കാണാത്ത വെളിച്ചത്തിൻ്റെ ആഴങ്ങളിൽ" എന്ന് ക്യാപ്ഷനിട്ടു കൊണ്ടവൾ തുടങ്ങിയത്. ഇളം ചുവപ്പിൽ ഓറഞ്ചും മഞ്ഞയും  കലർന്ന നിറമുള്ള തേവിടിശ്ശിപ്പൂക്കൾ പൂത്തുലഞ്ഞ് നിറം പിടിപ്പിച്ച താഴ്വാരങ്ങൾക്ക് കറുത്ത ബോർഡറിട്ട റോഡിൽ നിന്ന് നോക്കുമ്പോൾ കാണുന്ന,  കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന, അലയിളകുന്ന ആ കാട്ടുപൂക്കളെയും കണ്ടും അറിഞ്ഞും ക്യാമറയിൽ പകർത്തിയും മല കയറാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നാകുന്നു. ഒട്ടും അസ്വസ്ഥത തോന്നിയില്ല. ധൃതിയും. ചെന്നയുടൻ നിലതെറ്റി മലർന്ന് വീഴാൻ, മൃദുവായ കിടക്കയും ഫൈവ് സ്റ്റാർ സൗകര്യങ്ങളുമുള്ള വാടക മുറി നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. പതിയെ, വളരെ പതിയെ പോയാൽ മതി.. മാത്രമല്ല, വീര്യം കുറഞ്ഞ മദ്യം, കണ്ണും കവിളും തുടുക്കും വരെ സിപ് ചെയ്ത്, പഞ്ഞി പോലത്തെ ഡബിൾ ലെയർ ബ്ലാങ്കറ്റിനുള്ളിൽ കിടന്ന്  ഇന്ന് ഒറ്റക്കാണ് ഉറങ്ങേണ്ടത്. നാളെ രാവിലെയേ അവനെത്തൂ. തൻ്റെ പുതിയ കൂട്ടുകാരൻ, അനുരൂപ് ചെറിയാ...

ഉഭയസമ്മതം

അയാളുടെ കാറിന്റെ മുൻസീറ്റിൽ കയറിയിരിക്കുമ്പോൾ അവൾക്ക് തന്നാടു തന്നെ അവജ്ഞ തോന്നി. ... എന്തൊരിരുപ്പ്. ... സെലിബ്രിറ്റിയുടെ ഭാര്യയാണെന്ന ഭാവത്തിൽ തന്റെ ഭാഗ്യത്തിൽ അഭിരമിച്ച് എത്രയോ സ്ത്രീകൾ ഇരുന്ന സീറ്റായിരിക്കുമത്. ... അയാളെയും കാത്ത് റോഡിൽ നിന്ന് അവൾ കരിപുരണ്ടു പോയിരുന്നു. ... കാർ സ്ഥിരം ലോഡ്ജിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ മുരണ്ടുനിന്നു. ... അയാളുടെ കാറിനുമുണ്ട് അയാളുടെ സ്വഭാവം എന്നവൾ ഓർത്തു. ... അതോ ഇനി തിരിച്ചാണോ? ??? അറിയില്ല. ... കഴിഞ്ഞ പ്രാവശ്യത്തെ റൂം തന്നെ മതിയോ സാർ? ??? റൂം ബോയ് വന്നിട്ടുണ്ട്. ... മതി. ... അയാൾ മുരണ്ടു. ... പോയത് മറ്റൊരു മുറിയിലേക്കാണ്. ... ഇതുതന്നെയായിരിക്കും കഴിഞ്ഞ പ്രാവശ്യം അയാളെടുത്ത മുറി. ... ആർക്കറിയാം. ... അയാളവിടുത്തെ സ്ഥിരം കസ്റ്റമറാണെന്ന് അവരുടെ സംഭാഷണത്തിൽ എഴുന്നു നിൽക്കുന്നുണ്ട്. ... ലിഫ്റ്റിൽ വച്ചയാൾ അവളെ ഒന്ന് ചുംബിച്ചിട്ട് ഫോണിലേക്കൂളിയിട്ടു. ... മുറിയിലെത്തിയപ്പോൾ അവൾ കുളിമുറിയിലേക്കും. ... തിരികെയെത്തുമ്പോൾ അയാൾ മദ്യം സിപ്പ് ചെയ്തുകൊണ്ട് സൈബർ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. .....

ചിന്തകളിൽ കഥകളുടെ വേരിറങ്ങുമ്പോൾ

കളഞ്ഞുകിട്ടിയ അരി മണികൾ താങ്ങിയെടുത്ത് പോവുകയായിരുന്നു ഉറുമ്പിൻ പറ്റം. അപ്പോഴാണ് കട്ടുറുമ്പുകളെ സ്മരിപ്പിക്കുന്ന കറുത്ത ചെരിപ്പിട്ട ആ മനുഷ്യൻ ആ വരിയിലേക്ക് നടന്ന് കയറി നിന്നത്. ഹൗ...... നല്ല കടി കിട്ടിയ അസ്വസ്ഥതയിൽ അയാൾ നിലവിളിച്ചു. കാൽ ശക്തിയിൽ കുടഞ്ഞ് അയാൾ മാറി നിന്ന് ഉറുമ്പുകളെ വീക്ഷിച്ചു. കുറേയെണ്ണം ചതഞ്ഞരഞ്ഞിട്ടുണ്ട്. കുറേയെണ്ണം പറ്റം ചിതറിപ്പോയ പരിഭ്രാന്തിയിൽ പാഞ്ഞ് നടക്കുന്നു. കുറേയെണ്ണം എന്താണാവോ ചെയ്യുന്നത്. മനസ്സിലാവുന്നില്ല. അവ വീണ്ടും അവയുടെ ക്രമവും താളവും അരിമണികളുമൊക്കെ കണ്ടെത്തുമായിരിക്കണം. ചതഞ്ഞ് തീർന്നവയെ ബാക്കിയുള്ളവർ വഴിയിൽ ഉപേക്ഷിക്കുമായിരിക്കും. മനുഷ്യർ തന്നെ, എന്തൊക്കെ, എവിടെയൊക്കെ ഉപേക്ഷിക്കുന്നു. നിവൃത്തികേടുകൾ കൊണ്ടും, അല്ലാതെയും, സൗകര്യപൂർവ്വവും. ഉറയുരിയുന്ന ലാഘവത്തിൽ, ഹൃദയത്തിൽ വിഷമേറ്റ കടച്ചിലിൽ, അങ്ങനെ എത്രയെത്ര തരം ഉപേക്ഷിക്കലുകൾ ! കുഞ്ഞുറുമ്പുകൾ ! അവ എത്ര വേഗമാണ് ജനിക്കുന്നതും ജീവിക്കുന്നതും മരണത്തെ പുൽകുന്നതും! കുഞ്ഞു ജീവിതം! ആർക്കും ആരോടും ഒരു പരാതിയും പറയാനുണ്ടായിട്ടുണ്ടാവില്ല! "നമ്മളെങ്ങോട്ടാണ് അമ്മേ ?" "ഒറ്റപ്പാലത്തേക്കാണ് വാവ...

എഫ് ബി യുടെ പൊതിയാത്ത പുറഞ്ചട്ടകൾ

ആരും കാണാത്ത ചില പെയ്ത്തിടങ്ങളിൽ ഒന്നിനോടൊന്ന് ചേർത്തു വച്ചാൽ ഒറ്റക്കഥയാക്കാവുന്ന കുറേ നുറുക്കെഴുത്തുകൾ പെയ്തൊഴുകിപ്പോകുന്നതും നോക്കി നിൽക്കുകയായിരുന്നു, രാത്രി നഗരത്തിൻ്റെ കാവൽക്കാരി. അവൾക്ക് ചുറ്റിലും ഉൽസാഹഭരിതയായ നഗരം കാഴ്ചകൾ കണ്ടും വിലപേശി വാങ്ങിയും, വിറ്റും ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു. ഇരുണ്ട ചില മൂലകളിൽ തെരുവുനായ്ക്കൾ, ആവർത്തനങ്ങളുടെ അപ്പോസ്തലൻമാരുടെ ചോദ്യോത്തര പംക്തികൾക്ക് വായ്ക്കുരവയിടുന്നതൊഴിച്ചാൽ നഗരം അന്ന് അത്യന്തം തൃപ്തയും, അതിനാൽത്തന്നെ ശാന്തയുമായി കാണപ്പെട്ടിരുന്നു. ആദ്യന്തം ബുദ്ധിപരമായ ജോലികൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന ചില തലച്ചോറുകൾ മാത്രം അപ്പോഴേക്കും ഉറങ്ങിവീണുപോയിരുന്നു. അവൾക്കതിൽ പരാതിയൊന്നും ഉണ്ടായിരുന്നതുമില്ല. ചിലയിടങ്ങളിൽ ഇരുണ്ടതും മെലിഞ്ഞതും, ഒരിടത്തരം നിറമുള്ള ഉടയാത്ത ചേലയുടുത്ത പെണ്ണിനെ പോലെ,  ചിലയിടങ്ങളിൽ തിളക്കമാർന്നതുമായ നഗരവെളിച്ചത്തിൻ്റെ നിറവിന്യാസങ്ങൾ ചേർന്നൊഴുകുന്നുണ്ടായിരുന്നു. താനതിൽ അഭിരമിച്ച് ഒരിക്കലും നിന്ന് പോയിട്ടില്ലെന്നും, എങ്കിലും കൂടെ ഒഴുകാൻ മടിയായതുകൊണ്ടല്ല, കൂടെ ഒഴുകി മതിയായതുകൊണ്ടാണ് നോക്കി നിൽക്കുന്നത് എന്നാണ് സ്വയം പരിച...

ഉയിര് പൂത്തിറങ്ങിയ ഉടൽക്കാടകങ്ങൾ

നിന്നിലെ എന്നെ എന്നിലെ നീ അത്രമേൽ പ്രണയമയമായി നിന്നോട് ചേർത്തു വച്ച് നമ്മൾ ഉയിര് നട്ട് നനച്ചു തുടങ്ങിയ ആ രാത്രി, നിൻ്റെ നഗ്നതയെ തൊട്ടുണർത്തി ദീപ്തമാക്കാനെന്നവണ്ണം നിലാവ് ചോർന്നൊലിക്കുകയും, മഴച്ചാറ്റലുകൾ, ആ ഒറ്റമരത്തിൻ്റെ നിഴലുകൾ വകഞ്ഞ് മാറ്റി നമ്മളിലേക്കിറ്റു വീണ് വറ്റിപ്പോകുകയും ചെയ്ത ആ രാത്രി, ആ ഒരാെറ്റരാത്രിയാണെന്നിലേക്ക് മിന്നൽപ്പിണരായി താണിറങ്ങിയത്. പ്രണയം പതിപ്പിച്ച നിൻ്റെ നീല നയനങ്ങളിൽ മുക്കിക്കൊന്ന എൻ്റെയാത്മാവിന് സ്മാരകം കെട്ടുന്ന തിരക്കിലായിരുന്ന നിന്നെ, വലിച്ചടുപ്പിച്ച് സിരകളിൽ തീ കൊടുക്കാതെ ഞാൻ മറ്റെന്ത് ചെയ്യുമെന്നാണ് നീ പ്രതീക്ഷിച്ചിരുന്നത്? തുടിക്കുന്ന ചുണ്ടുകളിൽ, കൂമ്പിയടഞ്ഞ മിഴികളിൽ, മിഴിനീർ ചോരുന്ന കവിളിണകളിൽ, നനുത്ത ചെമ്പൻ രോമങ്ങളതിരു കെട്ടിയ തുടുത്ത ചെവിപ്പൂക്കളിൽ, തീർത്തും നിശബ്ദമായൊരു സീൽക്കാരത്തോടെ പ്രണയത്തിൻ്റെ നിറവുകൾ ഞാൻ ചാർത്തിത്തുടങ്ങുമ്പോൾ , നിൻ്റെ വിറയാർന്ന വിരലുകൾ എന്നെ തിരഞ്ഞ് തുടങ്ങിയിരുന്നു. കാലടികൾ ചുംബനങ്ങൾ തേടി മൃദുവായിപ്പോയിരുന്നു. വിയർപ്പുചാലുകൾ വറ്റിപ്പോകാനിടമില്ലാതെ വഴിതേടി തോൽക്കുകയും, രോമരാജികളിൽ കായാമ്പൂക്കൾ വിരിയുകയും, ചുണ്ടുകളിൽ ദാഹത...

ആദ്യമായി നമ്മള് തമ്മില് ഒറ്റക്ക് കാണുമ്പഴ്

ആദ്യമായി നമ്മള് തമ്മില് ഒറ്റക്ക് കാണുമ്പഴ് എങ്ങനായിരിക്കുമെന്ന് ഇടക്കൊന്ന് ഓർത്തു നോക്കി. ആദ്യമായി  ഒറ്റക്ക് മനപൂർവ്വം അകപ്പെട്ടു പോയതിൻ്റെ വെപ്രാളവും, പരസ്പരം മുഖത്ത് നോക്കാനുള്ള  വ്യഗ്രതയും, ഒരു നിമിഷത്തെ മഴക്കോളും, ഒക്കെയും നമ്മൾ അതിജീവിച്ച് കഴിയുമ്പഴായിരിക്കും, എന്താദ്യം പറയണമെന്ന സംശയം ഓടി വന്ന് മടിയിലിരിക്കുക. കണ്ണോട് കണ്ണ് കൊരുക്കുന്ന നിമിഷങ്ങളിലൊക്കെയും നിൻ്റെ വിടർമിഴികളിൽ ആകാംക്ഷയുടെ കാശാവിൻ പൂക്കൾ വിരിയുന്നത് എന്നെ കൊതിപ്പിക്കുമായിരിക്കും, കുസൃതിക്കൈവിരലുകൾ എന്നെ തിരയുന്ന മാത്രയിൽ ആ നീലക്കണ്ണുകളിൽ ഞാനഭയം പ്രാപിക്കുമായിരിക്കും, വീണ്ടും വീണ്ടും പരസ്പരം പെയ്ത് പെയ്ത് നിറയുമ്പോൾ നമ്മൾ നിലാവെട്ടമായ് പുനർജനിക്കുമായിരിക്കും, ഒന്നും മിണ്ടാനാകാതെ നമ്മൾ ഒരുമിച്ചാ തോണി തുഴയുമ്പൊ നിമിഷങ്ങൾ നമുക്കിടയിൽ കാത്തുനിന്ന് മടുത്ത് പടിയിറങ്ങിപ്പോകുമായിരിക്കും, നീലാമ്പൽപ്പൂക്കളിൽ കാറ്റ് കവിതയെഴുതുന്ന ആ നിമിഷങ്ങൾ..... ഒരിക്കലും അതിജീവിക്കാൻ കഴിയാതെ നമ്മൾ.....
നമ്മള്, കാണാത്ത ദൂരക്കാഴ്ചകൾ, വായിക്കാത്ത പുസ്തകങ്ങൾ, പേരോർത്ത് വെക്കാത്ത മനുഷ്യർ, സ്വയം മറന്നുവെച്ച കച്ചവടശാലകൾ, രുചിക്കാതെ പോയ രസക്കൂട്ടുകൾ, ഒപ്പമിരുന്ന് നെഞ്ചോളം പടരാൻ, പാടേ മറന്നു പോയ കടലിരമ്പങ്ങൾ, മലയിടുക്കുകൾ കയറിച്ചെന്ന് മേഘച്ചീളുകളെത്തൊട്ട് കുളിരാനിടം കൊടുക്കാതെ പോയ, ഒറ്റക്കമ്പിളി പുതപ്പിനുള്ളിലെ ഇളം ചൂട്, കാതടപ്പിക്കുന്ന കാറ്റിരമ്പത്തിനൊപ്പം പാറിപ്പറക്കാതിരുന്ന പട്ടച്ചിറകുകൾ, നെയ്യാമ്പൽ പൂക്കളിൽ കവിതയെഴുതുമ്പഴും സ്വയമറിയാതെ പോയ നിലാവെളിച്ചം, ഒഴുകിപ്പറക്കുമ്പഴും കാറ്റേ മറന്നു പോയ പലവർണ്ണമിയലുന്ന കുമിളക്കൂട്ടങ്ങൾ, ഞാറ്റുവേലപ്പെയ്ത്തുകളിൽ കുതിർന്ന വരമ്പിൻ ചോട്ടിൽ, കാക്കപ്പൂക്കളെ മറന്ന് വെച്ച ഇലക്കുമ്പിളുകൾ, പലവട്ടം വഴി മറന്ന് പോയിട്ടും തോൽക്കാതെ പരതുന്ന, അടുക്കള വാതിൽക്കലെ കട്ടുറുമ്പിൻ കൂട്ടം, പച്ചച്ച കുളപ്പടവിൽ ആളൊഴിയുന്നതും കാത്ത് ദൂരെ മിഴിയെറിഞ്ഞ് വെയിൽ കായുന്നൊരു കുളിക്കാൻ മടിയുള്ള ചെമ്പിച്ച പെണ്ണ്, ഒടുവിലൊടുവില്....., നിന്റെ ഞാനോ എന്റെ നീയോ ആകാതിരുന്ന ഞാനും നീയും, ഇപ്പൊ, മുഹൂർത്തം മറന്ന് നെയ്തെടുത്തതിനാലാവണം, മുറിഞ്ഞമർന്ന് പോയെങ്കിലും ഇതൊക്കെ ഓർക്കാൻ തുനി...
എപ്പഴും ചിരിക്കുന്ന ഒരു കുഞ്ഞു പൂവാണ് ദൈവം.
പഴയ ആ വേഗരഥം പുനർജ്ജനിച്ചിട്ടുണ്ട്. അശ്വക്കരുത്തേറി ലക്ഷ്യത്തിലേക്ക് കുതിച്ചു പായുകയാണ്. രാജവീഥികളുടെ പുളകമായി, യുദ്ധഭൂമികയുടെ പോരാട്ട വീര്യമായി, പഴയ ആ പൂച്ചക്കുഞ്ഞ് പുനർജനിച്ച രാജകുമാരനേയും വഹിച്ച്, ജന്മ ലക്ഷ്യം നിറവേറ്റിയങ്ങനെ.... കൃതാർത്ഥമായി ജീവിതം. അവന്റെ കൈക്കരുത്തിനുള്ളിൽ കിടന്ന് പ്രണയവും രതിയുമനുഭവിക്കുകയെന്നതിൽക്കവിഞ്ഞ് മറ്റെന്ത് സ്വർഗമാണ് കാത്തിരിക്കുന്നത്? ഒന്നുമില്ല. പൂവിതൾത്തുമ്പിലെ സ്വർഗമാണനുരാഗം.