ജീവിതത്തിൻ്റെ
ആകെത്തുക
അളന്ന്,
പതിര് പാറ്റിക്കൊഴിച്ച്,
കൂട്ടിവെച്ച വിളവിൽപെടാതെ,
മനപൂർവ്വം
തെന്നിത്തെറിച്ച്
നീങ്ങിക്കിടന്നിരുന്നിടത്തു നിന്നാണ് നിന്നെയെനിക്കായ്
കളഞ്ഞ് കിട്ടിയത്.
താഴെ വെക്കാനും
തലയിൽ വെക്കാനും
ഇടമില്ലാതിരുന്നതുകൊണ്ട്
ഇടനെഞ്ചിനകത്ത്
അടച്ചുപൂട്ടിവെക്കാമെന്നും
ഒറ്റക്കിരിക്കുമ്പൊ
ആരും കാണാതെ
കൈക്കുടന്നയിൽ
പൊതിഞ്ഞെടുത്ത്
മിണ്ടിപ്പറഞ്ഞിരിക്കാമെന്നുമേ കരുതിയിരുന്നുള്ളൂ.
ആ നീയാണ്,...
അവൻ്റെ ഒറ്റക്കിടക്കയിലെ
കരിനീല ചത്വരങ്ങൾ
പാതി മയങ്ങിക്കിടക്കുന്ന,
ചുളിഞ്ഞ വിരിപ്പിൽ വീണു വറ്റിവരണ്ടുണങ്ങിപ്പോയ,
സുരത ജലത്തിലെ
പിറക്കാൻ ത്രാണിയില്ലാത്ത
മഞ്ഞിൻ കണമാവാൻ
നോമ്പു നോൽക്കുന്നതെന്ന്....
അറിവുകൾ....
ചിലപ്പോൾ
നീറ്റിയൊടുക്കുന്നത്
മനുഷ്യ മനസ്സിൻ്റെ
കൽപ്പനകളെയാണ്
കുഞ്ഞേ...
പൊറുക്കുക..
Comments
Post a Comment