ഉടലാകെ പൂക്കുന്നു കടലാസ് പുഷ്പങ്ങൾ,
ഉയിരാകെ നോവിന്റെ നീലക്കുറിഞ്ഞികൾ.
നോവാണ്, നോവിന്റെ തീത്തെെലമിറ്റുന്ന ചിലതാണെനിക്ക് നിൻ അറിവോർമകൾ.
വഴികളിൽ, നിറങ്ങളിൽ, അക്ക സൂചനകളിൽ, തിരഞ്ഞും, നിരാശയാൽ കണ്ണുകൾ താഴ്ത്തിയും,
വ്യഥിതയായ്
ഞാനോടിയെത്തിടും മുമ്പെന്റെ ശരികളെ വീണ്ടും വിഷപ്പെടുത്തുന്നു നീ.
മറഞ്ഞും തെളിഞ്ഞും തരിക്കുന്ന പ്രജ്ഞയിൽ വീണ്ടും
തളിച്ചുണക്കീടുന്നു വിഷാദത്തിൻ രാഗങ്ങൾ
പൂക്കുന്നു വീണ്ടും കടലിന്നുൽപ്പത്തികൾ,
ഭൂഗുരുത്വങ്ങൾ, വേഗസിദ്ധാന്തങ്ങൾ, കാടിന്റെ കാവിച്ച കാവൽ നിരപ്പുകൾ.
വെളിച്ചത്തൂണുകൾ ചിതറിത്തെറിക്കുന്നു, കാവൽമാടങ്ങളിൽ, പതറുന്ന ബുദ്ധിയിൽ, ചേതനയറ്റെത്തും പാതിമയക്കങ്ങളിൽ.
നീയാം കടലിനെ പുൽകുവാൻ അതിലൊരു തിരയാകുവാൻ, തന്നിലെ അഗാധതയളക്കുവാൻ, ചുഴികളിൽ അലയുവാൻ, കാറ്റേറി വന്ന് നിൻ കരകളെ പുണരുവാൻ,
നിന്നിലെ ഉപ്പിന്റെ ഉപ്പിനെ ഉപ്പായ് രുചിക്കുവാൻ.
പതിവായരിച്ചെത്തും
കൊതിയനുറുമ്പുകൾ വരിവെച്ച് വന്നെന്നെ പൊതിയും കിനാവിന്റെ നിലാവരിക് തുന്നുന്ന നിമിഷങ്ങളാണ് ഞാൻ.
കാലമേ......
നിന്റെ ശരികൾക്കിടയിലെ നോക്കുകുത്തിക്കൊരു കാലമുണ്ടാകുമോ
എന്നെങ്കിലും?
Comments
Post a Comment