നീയെൻ്റെ നെറുകയിൽ
ചുണ്ടുകൾ ചേർക്കുമ്പഴാണ്,
നിൻ്റെ ശ്വാസ കണങ്ങൾ
എൻ്റെ ശിരസിലേൽക്കുമ്പഴാണ്
ഈ ലാേകത്ത്
പ്രണയത്തിൻ്റെ മുകുളങ്ങൾ
പൊട്ടിവിരിഞ്ഞ്
ചെമ്പനീർ പൂക്കളാകുന്നത്..
നമ്മൾ തമ്മിൽ
ചുംബിക്കുമ്പഴാണ്
അസ്തമയ സൂര്യൻ
തൻ്റെ ചുവപ്പുരാശി
കൊണ്ടീ ലോകത്തിനെ
പ്രണയസാഗരത്തിൻ്റെ
അഗാധതയിലേക്ക്
വലിച്ചെറിഞ്ഞ്
മുക്കിക്കൊന്നുകളയുന്നത്..
നമ്മളൊരൊറ്റ മനസ്സും
ഒരു ശരീരവുമാകുമ്പഴാണ്
ഈ ലോകമൊട്ടാകെ
മേപ്പിളിലകൾ
പൊഴിഞ്ഞു വീണ്
മയങ്ങിപ്പോകുന്നത്...
നമ്മൾ പ്രണയാലസ്യത്തിൽ
സ്വയം മറന്ന്
ചേർന്നുറങ്ങുമ്പഴാണ്
ഈ ലോകം,
പൊഴിഞ്ഞ് വീഴുന്ന
ചെറു മഞ്ഞു കണങ്ങളാൽ
ജ്ഞാനസ്നാനപ്പെടുന്നത്...
ഹൃദയങ്ങൾ
ഏകതാളത്തിൽ
മിടിക്കുകയും,
വാക്കുകൾ ഇടറുകയും,
എൻ്റെ കണ്ണുനീർത്തുള്ളികൾ
നിൻ്റെ കവിൾത്തടങ്ങളെ
ആർദ്രമാക്കുകയും,
നിൻ്റെ പ്രാണൻ
എൻ്റെയുള്ളിൽ
കൊരുക്കുകയും
ചെയ്യുമ്പഴാണ്
സകല ലോകങ്ങളുടെ
ആകാശങ്ങളും
സൗരവെളിച്ചത്തെ
ആഗിരണം ചെയ്ത്
സ്വയം തീപ്പിടിക്കുന്നത്...
കത്തിപ്പടരുകയെന്നതല്ലാതെ
മറ്റ് വഴികളേതുമില്ല!!!
Comments
Post a Comment