യാത്രക്കാരാ,
ഈ നിമിഷം മുതൽ,
എനിക്ക്,
നിൻ്റെ യാത്രകളിലെ
കൂട്ടക്കാരും,
കാൽനടപ്പാതകളും
കൽവഴിത്താരകളും,
ഇടത്താവളങ്ങളും,
പുൽപ്പായകളും,
നീ കെട്ടിപ്പിടിച്ചുറങ്ങുന്ന
തലയിണയും,
പ്രാർത്ഥനാ മണികളും,
ചുണ്ടിലെ
നാമജപങ്ങളും,
കണ്ണിലെ
കാഴ്ച്ചപ്പുറങ്ങളും,
ഹൃദയത്തിലെ
ചരിത്ര ബോധവും,
തലച്ചോറിലെ
ഏറിയും
കുറഞ്ഞുമുള്ള
പലവിധ ഭ്രാന്തുകളും,
ഹുക്കയിലെ
സുഗന്ധ വാഹിയും,
നിന്നെയലിയിക്കുന്ന
വീര്യം കുറഞ്ഞ
ലഹരിയും,
എണ്ണിയാൽ തീരാത്ത
കൽക്കൊത്തളങ്ങളിൽ,
നീ ചാരിയിരിക്കുന്ന
നെടുന്തൂണുമാകണം.
നിലാവിൻ ചോട്ടിലെ
കൂടാരത്തണലും,
ദാഹജലവും,
ഉച്ഛ്വാസവായുവും,
ഊന്നുവടിയും,
തോളിലെ ഭാണ്ഡവും,
നിന്നെച്ചുമക്കുന്ന
കഴുതയും,
ഇനിയുമറിയാത്ത
ലക്ഷ്യങ്ങളും,
ആരോരുമറിയാത്ത
നിൻ്റെ
യാത്രകൾ
തന്നെയുമാകണം.
നീ,
അറിഞ്ഞാസ്വദിക്കുന്ന
നിമിഷങ്ങളാകണം.
അപ്പഴെങ്കിലും
നീയെന്നെയൊന്ന്
ഉപ്പു നോക്കുമല്ലോ,
മനസ്സു തുറന്ന്
രുചിച്ചിറക്കുമല്ലോ.
ബാദ്ധ്യതകളേതുമില്ലാത്ത
നിമിഷമെന്നാശ്വസിച്ച്
ദീർഘമായി
നിശ്വസിക്കുമല്ലോ.
അല്ലേ??
ഇങ്ങനെയൊക്കെയല്ലാതെ
മറ്റെങ്ങനെയാണ്
ഞാൻ
നിന്നിലെ
നീയായി മാറുക?
Comments
Post a Comment