നിറനിലാവു പോലൊരു പെൺകുട്ടി

തെളിഞ്ഞ നീർച്ചാലു പോലെ സ്വസ്ഥയായൊഴുകുന്ന ഒരുവൾ.


അവളെ കണ്ടപ്പോഴാണ്, 

അവളുടെ പാട്ടുകൾക്ക് 

കാതോർക്കുന്നവരെ 

കണ്ടപ്പോഴാണ്, 

എത്ര പഴകിയ, 

മഞ്ഞച്ച, കാൻവാസിലേക്കാണ് 

ഞാൻ നിന്നെ 

പകർത്തിയിരുന്നതെന്ന്,

അത്രമേൽ

കാറ്റ് കീറിപ്പറത്തിയൊരിലകളാണ്

നിനക്ക് വേണ്ടി

ഞാൻ പൊഴിച്ചിരുന്നതെന്ന്,

അത്രമേൽ ബലഹീനവും

ശുഷ്കവുമായ

ധമനികളിലേക്കാണ്,

രക്തമിറ്റിച്ചിരുന്നതെന്ന്,

അത്രമേൽ

അമ്ല തീക്ഷ്ണമായ

മഴത്തുള്ളികളെയാണ്,

നിന്നിലേക്ക്

ഞാൻ പെയ്തു കൂട്ടിയതെന്ന്,

ഉണങ്ങിയ ചോര പോലെ

പൊടിഞ്ഞ് തീർന്ന

റോസാപ്പൂക്കളാലാണ്

നിന്നോട് 

പ്രണയം പറഞ്ഞിരുന്നതെന്ന്,


എനിക്ക് മനസ്സിലായത്.


ഇനിയുമുണർന്നിരിക്കുവാൻ

ഞാനൊരുക്കമല്ലാത്തതു കൊണ്ട്

നഗര വേശ്യയുടെ

സരോദുകളുടെ

ആരവത്തിന് 

നടുവിലേക്ക്

വളരെ കൃത്യമായെൻ്റെ

പ്രാണൻ്റെ സൂചിക

തെറിച്ചു വീഴും വിധം

എന്നെ

ക്രമപ്പെടുത്തി,

സ്വരപ്പെടുത്തി

ഇതിനാൽ

ഞാൻ

എന്നെന്നേക്കുമായി

ആത്മഹത്യ ചെയ്യുന്നു.

നിന്നെ സ്വതന്ത്രയാക്കുന്നു.

Comments

Popular posts from this blog

ഉഭയസമ്മതം