നമ്മുടേതായിരുന്ന
നിമിഷങ്ങളുടെ
കുഞ്ഞു കൂടിൻ്റെ
തെക്കേജനാലയുടെ ഓരത്ത്,
വെളിച്ചത്തെല്ലുകൾ
നമ്മുടെ നിമിഷങ്ങളുടെ
ആഴമളന്ന്
തളർന്ന് വീണ്
ഇഴഞ്ഞു നടക്കുമായിരുന്ന
ആ ചുമരിന്നരികിൽ,
ചേർന്നിരിക്കുന്ന
നിലക്കണ്ണാടിയിൽ
ഇന്നലെ നീ
നിൻ്റെ നെറ്റിത്തുടുപ്പിലെ വിയർപ്പുതുള്ളികൾക്കിടയിൽനിന്നെടുത്ത്
ഒട്ടിച്ചു വെച്ച,
വലിയ കറുത്ത ആ വട്ടപ്പൊട്ട്,
(ഇന്നോ നാളെയോ
നീ, മരണത്തിൻ്റേതായാലും മറുകരയും താണ്ടി വന്നെത്തുമെന്നും
ചുംബനങ്ങളുടെ നിശ്വാസവായുവിൽ വീണ്ടും ജീവിക്കാമെന്നുമുള്ള പ്രതീക്ഷ കൊണ്ടാകണം),
എന്നെയിങ്ങനെ
വല്ലാതെ
സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
നീയിനി വരികയേയില്ലെന്ന്
ഞാനതിനോട്
പറഞ്ഞ് പറഞ്ഞ്
നോക്കിനോക്കിയിരിക്കെ,
അതിലൂടെ
ഉപ്പലിഞ്ഞുചേർന്നാെരു
ചുടുനീർച്ചാൽ
പതിയെ
ഊർന്നൊഴുകിയിറങ്ങി
അകമാകെ വട്ടംചുറ്റി നൃത്തം ചെയ്ത്,
കണങ്കാൽ മൂടി,
ഉടൽപ്പാതിയെയും പൊതിഞ്ഞ്,
മുഖത്തുരുമ്മി ഇക്കിളിയിട്ട്,
മുടിയിഴകളെയും തഴുകിത്തലോടി,
എന്നെയും കോരിയെടുത്ത്,
താരാട്ട് പാടിയുറക്കി,
സ്വച്ഛന്ദം നീ
ആലോലമാടിയുറങ്ങുന്ന
ഈ കടൽത്തിരകളിലേക്ക്
ഉപേക്ഷിച്ച്
കടന്ന് കളഞ്ഞതാണ്.
സത്യം!!
അല്ലാതെ ഞാൻ....
തമ്മിൽ സ്നേഹിച്ച്
കൊതിതീരാതെ,
നിന്നിലേക്ക് വീണ്ടും
ആത്മഹത്യ ചെയ്തതല്ല...
നീയാണെ സത്യം..
വിശ്വസിക്കൂ....
അല്ലേയല്ല....
Comments
Post a Comment