ഭൂതകാലത്തെ
തമസ്കരിക്കുകയെന്നാൽ,
വേരറ്റ് നിൽക്കുന്ന
വൻമരത്തെ
വളരെ
നിസാരമായി
തട്ടിമറിച്ചിട്ട്
വെട്ടിയെടുത്ത്
ചിന്തേരിട്ട്
കരിഓയിലും തേച്ച്
കഴുക്കോലാക്കി ഉത്തരത്തിൽ പ്രതിഷ്ഠിക്കുന്നത്രയും
നിസാരമാണ്,
നിനക്ക്.
അതു കൊണ്ട് തന്നെ,
ചുവന്ന
ചെറുകാട്ടുതെച്ചിക്കാടുകൾ
പൂവിട്ട,
തെച്ചിപ്പഴങ്ങൾ
ഉതിർന്ന് വീണ് കറുത്ത
നിൻ്റെ ഭൂമിയിൽ
സമാധിയിരിക്കുവാൻ
ഒരു കുഴൽക്കിണർ
വട്ടത്തിൽ
ഒരിടം
വേണമെനിക്ക്.
അവിടെയാകുമ്പോൾ,
മരിച്ചാലും മറക്കാത്ത
കുത്തുവാക്കുകൾ
ചെവിയും തുളച്ചിറങ്ങി വരില്ലല്ലോ.
എന്നൊക്കെ
പിച്ചും പേയും
പറഞ്ഞു കൊണ്ട്
അനങ്ങാപ്പാറയുടെ
ശീതീകരിക്കപ്പെട്ട
ഗർഭസ്ഥലികളെയും ഭേദിച്ച്,
ആത്മത്യാഗത്തിൻ്റെ
വന്യതയാർന്ന
നഖവ്രണങ്ങളെയും
ഉള്ളിൽപ്പേറി,
ചോരയൂറ്റുന്ന
പറ്റിക്കൂടുന്ന,
നിതാന്തത വേദനയുടെ
തീരങ്ങൾ താണ്ടി,
മധുരപ്പുളി മധുരമുള്ള
പൊളി പോലൊരു
പൊഴിയിലെത്തി,
ഇനിയെന്ത് എന്നുഴറി
മറിഞ്ഞും തിരിഞ്ഞും
കിടക്കുമ്പോഴാണവൾ
മഴ പറഞ്ഞ്,
ആഴിപ്പരപ്പിൻ്റെ
മായാവിശേഷങ്ങൾ
കേൾക്കുന്നത്.
ഈ ചിരി!!!
ഇത് ഞാനെവിടെയോ കേട്ടിട്ടുണ്ട്!!
യുഗാന്തരങ്ങൾക്കിടയിലെവിടെ വച്ചോ
ഈ ചിരി
എൻ്റെ ചെവിയിൽ
കിലുങ്ങിയിട്ടുണ്ട്.
അനുസരണ കെട്ടൊരു
കുട്ടിക്കാറ്റ്
അമ്പലമണികളെ
ചുഴറ്റിയടിക്കും പോലെ,
തെക്കൻ കാറ്റ്,
കരിന്തിരിക്കോലങ്ങളെ
ഊതിയണച്ച
പോലെയൊരു
ചിരിയൊച്ച,
നിൻ്റേതാണോ?
ഘാട്ടുകളുടെ
പടവുകളിലൂടലഞ്ഞും,
മണിമാലകളിൽ
ഹിമശൃംഗങ്ങൾ തിരഞ്ഞും,
മരവിച്ച് പാേയൊരു മഴ
കടൽച്ചൊരുക്ക്
തീർക്കാനായി
നീട്ടി വിളമ്പിയതാണ്
കടലിൻ്റെ വീരസ്യമെന്ന്
തിരിച്ചറിയുന്നത്,
എൻ്റെ രക്തത്തിൽ
നിൻ്റെ ഒടുങ്ങാത്ത
പ്രണയത്തിൻ്റെ
പരലുപ്പുകൾ
ലയിച്ചു ചേർന്നപ്പോഴാണ്.
ഇനിയിപ്പോൾ
താദാത്മ്യപ്പെടുക.
പരാജയം രുചിക്കുക.
നിൻ്റെ പ്രണയത്തിൻ്റെ
ആത്യന്തികമായ
ഇരയാവുക.
നീയാവുക.
നിന്നിൽ നിന്ന്
തിരിച്ചിനിയൊരു
മടക്കമില്ലല്ലോ
എനിക്ക്.
Comments
Post a Comment