നിമിഷനേരം കൊണ്ട്
അത്ഭുതത്തിന്റെ
അപ്സര തീരങ്ങൾക്കരികിൽ
നങ്കൂരമുറപ്പിക്കാനാഞ്ഞ,
നിന്നെ
വെള്ളിത്തിരയിൽ
സംഭ്രമിപ്പിച്ചിരുന്ന,
പൊളിഞ്ഞു വീഴാറായ,
ആ കള്ളക്കപ്പലായിരുന്നു
ഒരിക്കൽ ഞാൻ..
ഇന്ന്
നിനക്ക് മാത്രമായി
ഞാനെന്റെ
ഉടലാകെ
പുതുക്കി മിനുക്കിയിട്ടും,
ഉയിരാകെ
ജ്വലിപ്പിച്ചിട്ടും,
നിനക്ക് മാത്രമായെന്റെ
അവകാശപ്പട്ടം
സ്വയം
മറിച്ചെഴുതിയിട്ടും,
കാവൽത്തിറകളെ
പടിയിറക്കിയിട്ടും,
കപ്പിത്താനെ
അടുത്തൂൺ കൊടുത്ത്
പറഞ്ഞയച്ചിട്ടും,
നിന്നോടത്
പറയാനാവാതെ,
നിന്റെ ആകാശത്ത്
ഇരുണ്ടു മൂടിയ
മേഘച്ചുരുളുകളിലേക്ക്
വിരുന്നുപോയ
നക്ഷത്രക്കണ്ണുകളിലെ
ചിമ്മിത്തുറക്കുന്ന
രാഗത്തിളക്കത്തിനായി
നോമ്പെടുക്കുകയാണ്..
ഇപ്പോൾ,
വടക്കും തെക്കും അറിയാതെ
നിരങ്ങി നീങ്ങി നീങ്ങി
ഏതോ ഒരു
കടൽച്ചുഴലിയിലേക്ക്
കലങ്ങി മറിഞ്ഞ്
ഒഴുകിപ്പോവുകയാണ്..
ഒരു
ചെറുവിരൽത്തുമ്പെങ്കിലും
നീട്ടിത്തരൂ..
അല്ലെങ്കിൽ
നിന്റെയാ
കടൽപ്പാലത്തിന്റെ
അറ്റത്തെ
ദ്രവിച്ച
ചങ്ങലക്കണ്ണി
എനിക്ക് തരൂ..
വേലിയേറ്റക്കാലത്ത്
നിലാവമർന്നതിന്
ശേഷം,
താരക വിരിയുന്നതും കാത്ത്,
ഞാനവിടെ
ഏറ്റവും അനുസരണയുള്ള
കാവൽപ്പട്ടിയായി
ഉറങ്ങാതെ
തീരം കാത്ത്
കിടന്നു കൊള്ളാം..
അത്താഴക്കോപ്പക്കരികിലെ
ഉച്ഛിഷ്ടങ്ങൾ
പെറുക്കിയെടുക്കുമ്പോഴെങ്കിലും
വെറുതെയെങ്കിലും
നീയെന്നെ
ഓർക്കുമല്ലോ..
Comments
Post a Comment