പകൽ, കാഞ്ഞ വെയിൽ, പടിഞ്ഞാറൻ കാറ്റ്, കരിയിലകളെ പ്രേമിച്ച മഞ്ഞ്, മഷി മണമുള്ള വയലറ്റ് പൂക്കൾ, ഒളിച്ചോടിയ പുഴ, കാറ്റിറങ്ങിയ കരിമ്പച്ച വയലിന് പഠിച്ച മയിലാട്ടക്കാരൻ കടൽ, അനുസരണ കെട്ട സൂര്യൻ , ഹൃദയത്തിന്റെ സ്ഥാനത്ത് കടലിന്റെ ചിത്രം മാത്രമുള്ള മഴ, നീലക്കുപ്പായക്കാരൻ കൊച്ചുഭൂമി, പൊന്നമ്പിളിയെന്ന വിളി കേട്ട് കേട്ട് കേൾവി നഷ്ടപ്പെട്ട ചന്ദ്രൻ, തലക്കകത്താെകെ നിലാവെളിച്ചം മാത്രമുളെളാരു കവിതക്കാരി പൊട്ടി പെണ്ണ്. പറമ്പിന് കാവൽ ജോലിക്ക് വന്ന് പനി പിടിച്ച് കിടന്ന കടന്നൽ, എല്ലാവരും കൂടിയൊരു കവിതയെഴുതി. ഗ്രൂപ്പ് മാറി, കഥാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. നാലാള് വായിച്ചു. നല്ലസ്സൽ കഥയെന്ന് ഒന്നാമൻ, ഇതെന്ത് കൂത്തെന്ന് രണ്ടാമത്തി, എഴുത്തിന്റെ കാല ദോഷമെന്ന് സുപ്രസിദ്ധ കവയിത്രി. സ്റ്റിക്കർ കമന്റിട്ട് മുഴുപ്പൊട്ടൻ. നമുക്കിതൊരു തിരക്കഥയാക്കി സിനിമയിറക്കണമെന്ന് ബുദ്ധിമാൻ. ബുദ്ധിമാൻ നിർമ്മിക്കട്ടെയെന്ന് പോസ്റ്റ് വായിക്കാതെ ലെെക്കടിച്ച നിർമമൻ. ആർക്കും തരുന്നില്ലെന്ന് കടന്നൽ. ഞങ്ങളിത് കമ്മിറ്റി കൂടി നോവലെഴുതി പുസ്തകമിറക്കുമെന്ന് സൂര്യൻ. അവതാരികയെഴുതാൻ മാർക്കറ്റുള്ള എഴുത്തുകാരെ ആവശ്യ...
Posts
Showing posts from 2021
- Get link
- X
- Other Apps
"എനിക്കെഴുതണം" ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ ചെറുതീയിൽ കാച്ചെണ്ണ കുരുമുളകിട്ട് മുറുക്കിയെടുക്കുമ്പോലെ, പൂവത്തിൻ വേരുകൾ ചാഞ്ഞ പുത്തൻകുളത്തിലെ നീരോളം പടർന്ന നിന്റെ പൊൻമുടിത്തിളക്കം അലസമായി നീ നെറുകയിലേക്ക് ചുറ്റിക്കെട്ടുമ്പോലെ, നാലുമണി ബെല്ലടിക്കാൻ കാത്ത് മണിക്കൂർ കണക്കിന് ആലിൻ ചുവട്ടിൽ സ്കൂളിടവഴി മലർന്നു കിടക്കണ പോലെ, പടിക്കെട്ടിന് വലതായി പന്തലിച്ച ഗന്ധരാജന്റെ വിടർന്ന പൂക്കളിലേക്ക് കുഞ്ഞൻ കൊടിമുല്ല കോടി പൂത്തിറങ്ങണ പോലെ, കാട്ടുമുളങ്കൂട്ടിൽ മിന്നാമിന്നിക്കൂട്ടം ആർത്ത് മിന്നിപ്പറക്കും പോലെ, പാറക്കൂട്ടത്തിലെ ഒറ്റയാൽ പൊത്തിൽ മഴയെ കോക്രി കാണിച്ച് അവളൊറ്റക്ക് ഒളിച്ചിരിക്കുമ്പോലെ, സൂര്യൻ ചിരിക്കുമ്പോലെ, പകൽ ഇരമ്പും പോലെ, താങ്ങ് തേടിയ നിന്റെ പ്രണയം എന്നെ ചുറ്റി വരിയും പോലെ, എനിക്ക് നിന്നെ എഴുതണം. എത്ര എഴുതിയാലും അവസാനിക്കാതെ, എന്തെഴുതിയാലും അവസാനിക്കാതെ, എനിക്ക് നിന്നെ എഴുതണം. കാരണം ഒന്നേയുള്ളൂ.. കുണ്ടൻ കിണറ്റീന്ന് മാനത്തോളവും അതിനുമപ്പുറവും ഇങ്ങേപ്പുറവും ഞാൻ, നീ മാത്രമാണെന്ന്..
- Get link
- X
- Other Apps
ഒരൊറ്റ അച്ചിൽ ജനിച്ചതെങ്കിലും എനിക്കെൻ്റെ കവിതകളെ രണ്ട് മൂന്ന് തരം ചായങ്ങൾ ചേർത്ത് പ്രച്ഛന്ന വേഷം കെട്ടിച്ച് വെവ്വേറെ മുഖച്ഛായകളിൽ ഒരുക്കി വെവ്വേറെ പേരുമിട്ട്, പേരു തോന്നാത്തതിന് ഒന്ന് രണ്ട് മൂന്ന് എന്നൊക്കെ അക്കപ്പേരെെങ്കിലും ചാർത്തി ഈ തെരുവിൻ്റെ ഏറ്റവും വീതി കൂടിയ ഓരത്ത് നിരത്തി വിൽക്കാൻ വെക്കണം. ഏതെങ്കിലും പൊട്ടബുദ്ധികൾ, ദൈവമെന്ന് കരുതി, വാങ്ങിക്കൊണ്ടുപോയി, ഒരു കരിന്തിരിയെങ്കിലും തെളിയിച്ചെങ്കിലോ.... ആത്മാവിൽ ദരിദ്രരായവർ ഒറ്റരൂപക്ക് പാതയോരത്ത് നിന്ന് വിലപേശി വാങ്ങിയ മൺവിളക്കുകളിൽ വിളക്കെണ്ണ മുക്കിയ തിരികളണിയിച്ച് വെളിച്ചം കാണിക്കുന്ന ലോകത്തേക്കാണ് ദെെവത്തിൻ്റെ റോളിലഭിനയിക്കാൻ അവർ തിരഞ്ഞെടുക്കപ്പെട്ടേക്കുക. ബാക്കി വരുന്നവ വെള്ളമൊഴിച്ച് കുതിർത്ത് മൺകൂനകളാക്കി വീണ്ടും ചവിട്ടിക്കുഴക്കണം. വീണ്ടുമതേ അച്ചിലിട്ട് വാർക്കണം.
- Get link
- X
- Other Apps
ആകാശം വെയിൽ കാറ്റ് കടൽ.. മഞ്ഞ നിറമുള്ള കുഞ്ഞു പൂക്കൾ തലയാട്ടി ചിരിക്കുന്ന പുൽപ്പരപ്പ്.. അതിമനോഹരമായൊരു തലവേദന.. ശർക്കരയലിയിച്ച ചൂടൻ കടും കാപ്പി.. പാതി മയക്കത്തിൽ സ്വപ്നം പോലെ നെറുകയിൽ പതിഞ്ഞ ഒരുമ്മ.. എന്റെ കവിത പിറക്കാനിരിക്കുന്നതേയുള്ളൂ.. തീർച്ചയായും അതൊരു സൂര്യന്റെ കഷണമായിരിക്കും.. ഇപ്പഴേ പൂമ്പാറ്റച്ചിറകടികൾ കേൾക്കുന്നുണ്ടെനിക്ക്..
- Get link
- X
- Other Apps
സമീകൃതമെന്നോ അമൃതെന്നോ ഒക്കെ സുഖിപ്പിച്ച് വിശേഷിപ്പിച്ച് നിങ്ങൾ ഒതുക്കിക്കളയാൻ എത്ര ശ്രമിച്ചാലും സാമുദായിക സമ്പ്രദായങ്ങളിൽ വിശ്വാസമില്ലാത്ത, കാച്ചുപാത്രത്തിൻ്റെ ചെരിഞ്ഞിരിക്കലുകളിൽ താഴ്ന്ന പ്രദേശത്തിൻ്റെ ഒഴുക്കു സൗകര്യം തീരെ പരിഗണിക്കാത്ത, ഒരു സവിശേഷസൂചികയാണ് പാല്, തിളക്കുന്തോറും കുറുകിയാലും, കണ്ണൊന്ന് തെറ്റുന്ന നിമിഷാർദ്ധത്തിൽ തിളച്ചൊഴുകിപ്പരന്ന് ലോകത്തിൻ്റെ മുഴുവൻ ദാഹത്തേയും ഒറ്റനിമിഷംകൊണ്ട് ശമിപ്പിച്ച് ഞാനൊന്നുമറിഞ്ഞില്ലെന്ന് പാടയും ചൂടി പറ്റിക്കിടക്കും. അതുകൊണ്ട് ഞാനിടക്കിടെയങ്ങ് മനപൂർവ്വം കണ്ണടക്കാൻ പഠിക്കുവാണ്. ലോകത്തിൻ്റെ മോഹങ്ങൾ എന്നെയും മോഹിപ്പിച്ച തീരെ മറക്കരുതാത്ത ആ ഒരു കാലമുണ്ടായിരുന്നല്ലോ എനിക്കും....
- Get link
- X
- Other Apps
"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട് ചോദിക്കാതെ അവളെ തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്യുന്നു. അമരവിത്തൊരെണ്ണം പോസ്റ്റിട്ട് മുളപ്പിച്ച് സ്വയം ലൈക്കടിച്ച് നട്ടുവളർത്തുന്നു. ആദ്യത്തെ കമൻ്റ് സ്വയമെഴുതി ആകാശത്തേക്ക് കൈകൾ നീട്ടുന്നു. പടരാനെന്നോണം പടർപ്പൊരെണ്ണം അവൻ കമൻ്റിട്ട് പടർത്തി വളർത്തുന്നു. പൂമൊട്ടുകൾ വിടർന്ന് വാദപ്രതിവാദങ്ങളിലൂടെ കായ് പിടിക്കുന്നു. ശലഭങ്ങൾ പുഴുക്കൾ വീണ്ടും ലൈക്കടിക്കാനെത്തുന്നു. മഴവന്ന് എത്തിനോക്കിപ്പോകുന്നു. വെയിലിൻ്റെ കമൻ്റ് മഴ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിക്കുന്നു. തെക്കൻ കാറ്റ് വന്ന് കുത്തിട്ട് പിന്നെ വന്ന് വായിക്കാമെന്ന് പറഞ്ഞ് പോകുന്നു. ഉറുമ്പിൻ കുഞ്ഞുങ്ങൾ വെട്ടുകിളികളുടെ തെരുക്കൂത്ത് കാണാൻ കമൻ്റ് ബോക്സിൽ പായ വിരിച്ച് കിടക്കുന്നു. മിന്നാമിനുങ്ങുകൾ പച്ച വെളിച്ചവും തെളിച്ച് പിന്തുണ പ്രഖ്യാപിക്കാനെത്തുന്നു. ഇത്രയുമാവുമ്പോൾ അവന് ദേ...
- Get link
- X
- Other Apps
ഞാൻ നിനക്കുള്ള എന്നെ, ഫേസ്ബുക്കിൽ നിന്ന് നിന്റെ വാട്സാപ്പിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നു. നീ ഡാറ്റാ കണക്ഷനും പൂട്ടി വെച്ച് എനിക്കുള്ള നിന്നെ, തപസിനയക്കുന്നു. സംക്രമങ്ങൾ കഴിഞ്ഞ് വന്നെത്തി നോക്കി, മുരടനക്കാതെ, മറുചൊല്ലലില്ലാതെ, പതിയെ മടങ്ങുന്നു. എന്റെ തൊണ്ട വറ്റുന്നു. മറ്റൊരു സർവീസ് പ്രൊവൈഡറെ സമീപിക്കാൻ നീ 🙏 ഇമോജി കൊണ്ടൊരു മെസേജിടുന്നു. എന്നേക്കുമായി ഞാൻ അറ്റു വീഴുന്നു.
- Get link
- X
- Other Apps
നീയാകുന്ന ഭ്രമണപഥത്തിലേക്ക് ഞാനാകുന്ന ഉപഗ്രഹം ചിറക് വിടർത്തുന്നു. പാനലുകളിൽ സൗരനാളങ്ങൾ നൃത്തം ചെയ്യുന്നു. ഭൂമിയിൽ, ക്ലബ്ബ് ഹൗസിൽ എന്റെ ദൈവമോ നിന്റെ ദൈവമോ, കോഴിയോ മുട്ടയോ, മാങ്ങയോ അണ്ടിയോ, എന്നിങ്ങനെയുള്ള തീരുമാനമാക്കിയ ചർച്ചകളിൽ നിന്ന് ഇറങ്ങി ഓടിയ മനുഷ്യർ ഫേസ്ബുക്കിൽ പോസ്റ്റിടുന്നു. നീയെന്നെ കൈവിടുന്നു. ഏതെങ്കിലും ഒരറബിക്കടൽ വാതിൽ തുറന്നു തരുമെന്ന് ഞാൻ തിരിച്ചു പോരുന്നു. കടൽ സമാധി, എന്നേക്കുമായുള്ള നിശ്ചലത കൂടെയാകുന്നു. വിവരമില്ലെങ്കിലും മാതൃഭൂമി ഒരു ജനാധിപത്യ ദേശമാകുന്നു.
- Get link
- X
- Other Apps
നിമിഷനേരം കൊണ്ട് അത്ഭുതത്തിന്റെ അപ്സര തീരങ്ങൾക്കരികിൽ നങ്കൂരമുറപ്പിക്കാനാഞ്ഞ, നിന്നെ വെള്ളിത്തിരയിൽ സംഭ്രമിപ്പിച്ചിരുന്ന, പൊളിഞ്ഞു വീഴാറായ, ആ കള്ളക്കപ്പലായിരുന്നു ഒരിക്കൽ ഞാൻ.. ഇന്ന് നിനക്ക് മാത്രമായി ഞാനെന്റെ ഉടലാകെ പുതുക്കി മിനുക്കിയിട്ടും, ഉയിരാകെ ജ്വലിപ്പിച്ചിട്ടും, നിനക്ക് മാത്രമായെന്റെ അവകാശപ്പട്ടം സ്വയം മറിച്ചെഴുതിയിട്ടും, കാവൽത്തിറകളെ പടിയിറക്കിയിട്ടും, കപ്പിത്താനെ അടുത്തൂൺ കൊടുത്ത് പറഞ്ഞയച്ചിട്ടും, നിന്നോടത് പറയാനാവാതെ, നിന്റെ ആകാശത്ത് ഇരുണ്ടു മൂടിയ മേഘച്ചുരുളുകളിലേക്ക് വിരുന്നുപോയ നക്ഷത്രക്കണ്ണുകളിലെ ചിമ്മിത്തുറക്കുന്ന രാഗത്തിളക്കത്തിനായി നോമ്പെടുക്കുകയാണ്.. ഇപ്പോൾ, വടക്കും തെക്കും അറിയാതെ നിരങ്ങി നീങ്ങി നീങ്ങി ഏതോ ഒരു കടൽച്ചുഴലിയിലേക്ക് കലങ്ങി മറിഞ്ഞ് ഒഴുകിപ്പോവുകയാണ്.. ഒരു ചെറുവിരൽത്തുമ്പെങ്കിലും നീട്ടിത്തരൂ.. അല്ലെങ്കിൽ നിന്റെയാ കടൽപ്പാലത്തിന്റെ അറ്റത്തെ ദ്രവിച്ച ചങ്ങലക്കണ്ണി എനിക്ക് തരൂ.. വേലിയേറ്റക്കാലത്ത് നിലാവമർന്നതിന് ശേഷം, താരക വിരിയുന്നതും കാത്ത്, ഞാനവിടെ...
- Get link
- X
- Other Apps
എത്ര ദിവസമായി നിന്റെ വിരലുകളിൽ ഞാനെന്റെ വിരലുകൾ കൊരുത്തിട്ട്, എത്ര ദിവസമായി നിന്റെ നീലക്കൺ തടാകത്തിൽ ഞാനെന്റെ ജീവനെ മുക്കിയെടുത്തിട്ട്. എത്ര ദിവസമായി ഞാനെന്റെ ജീവിതത്തിന്റെ നെഞ്ചോടൊട്ടിക്കിടന്നിട്ട്. എത്ര ദിവസമായി ഞാനെന്റെ പ്രാണന്റെ തുടിപ്പുകൾക്ക് കണ്ണിമ ചിമ്മാതെ കൂട്ടിരുന്നിട്ട്. പ്രിയപ്പെട്ട ന്റെ പൊന്നു കൊറോണേ, നീയൊന്ന് പോയിത്തരുവോ?? ഞങ്ങളൊന്ന് ജീവിച്ചോട്ടെ.. പോകുമ്പൊ അങ്ങേലെ ആ ആഞ്ഞിലി പ്ലാവും കൂടെയെടുത്തോ.. വിശക്കുമ്പോ വല്ലതും ഉരുട്ടി വെട്ടി വിഴുങ്ങണ്ടേ..
- Get link
- X
- Other Apps
നിറഞ്ഞ പ്രണയവും സ്നേഹവും വാത്സല്യവും സ്പന്ദിച്ചിരുന്നൊരു ജീവന്റെ ഘടികാരമുണ്ടായിരുന്നു. അത് നിലച്ച് പോയെന്ന് തോന്നുന്നു. ഇടക്കിടെ ഓടി വന്നൊരെത്തിനോട്ടമുണ്ടായിരുന്നു. അത് കെട്ടുപോയെന്ന് തോന്നുന്നു. ഇടക്കിടെ കാറ്റു പോൽ വന്നെന്നെ ഇളം ചിരികളിലേക്കാഴ്ത്തി ഊഞ്ഞാലാട്ടുമായിരുന്നു. അത് മുറിഞ്ഞ് പോയെന്ന് തോന്നുന്നു. ആകെ നിശബ്ദമാണ് കാലത്തിന്റെ ഈ കഷണം.
- Get link
- X
- Other Apps
ൻ്റെ സഖാ, നമ്മൾ തമ്മിൽ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നമ്മളളന്നെടുക്കുന്ന ചില നിമിഷങ്ങളുണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞതിന് ശേഷം, നമ്മൾ, പ്രണയിക്കുകയും, പരസ്പരം പങ്കുവെക്കുകയും ചെയ്യുന്ന, ജൈവരൂപങ്ങളിലേക്ക് സൂക്ഷ്മരൂപികളായി ആവേശിക്കുകയും, പ്രപഞ്ചത്തിൻ്റെയാകെ ഹൃദ്യമായ സന്തോഷവും, അനൽപമായ സ്നേഹവും, അതീവ ലോലമായ സുഖലാളനകളും, പ്രപഞ്ചത്തെയാകെയും സ്വയവും മറക്കുന്ന, ഊറിക്കൂടുന്ന പ്രണയവും, അതിൻ്റെ ശാരീരികതയും സർവ്വവും മറന്ന് ആസ്വദിക്കുകയും ചെയ്യുന്ന നിമിഷങ്ങളിൽ, പ്രണയത്തിൻ്റെ ഹോർമോണുകളെ പുനരുൽപാദിച്ച് അടുത്ത നിമിഷത്തെ പ്രണയനിമിഷങ്ങൾക്കായി മാറ്റിവെക്കുന്നുണ്ടോ എന്നുകൂടി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. എന്തെന്നാൽ അടുത്ത നിമിഷത്തിൽ നമ്മൾ വീണ്ടും ഈ നിമിഷത്തേക്കാൾ തീവ്രമായി പരസ്പരം ഉൾച്ചേരുന്ന മനോഹരമായ പ്രകിയയിൽ ഏർപ്പെടുന്നതിനായി സൃഷ്ടിക്കപ്പെട്ട ആ ഒരൊറ്റ ജൈവാനുകൂലനമാകുന്നു. ആയതിനാൽ, നമ്മൾ, നമ്മുടെ കൂടിച്ചേരലുകൾക്ക്, അകലങ്ങളിലെ, പറുദീസകളിലെ താമരനൂലുകൾ, തിരയാൻ നിൽക്കാതെ, നമ്മുടെ, ജീവനിലെ, തേനറകൾ കണ്ടെത്തുകയും, അതിലേക്ക് പ്രണയം നിറക്ക...
- Get link
- X
- Other Apps
നിറനിലാവു പോലൊരു പെൺകുട്ടി തെളിഞ്ഞ നീർച്ചാലു പോലെ സ്വസ്ഥയായൊഴുകുന്ന ഒരുവൾ. അവളെ കണ്ടപ്പോഴാണ്, അവളുടെ പാട്ടുകൾക്ക് കാതോർക്കുന്നവരെ കണ്ടപ്പോഴാണ്, എത്ര പഴകിയ, മഞ്ഞച്ച, കാൻവാസിലേക്കാണ് ഞാൻ നിന്നെ പകർത്തിയിരുന്നതെന്ന്, അത്രമേൽ കാറ്റ് കീറിപ്പറത്തിയൊരിലകളാണ് നിനക്ക് വേണ്ടി ഞാൻ പൊഴിച്ചിരുന്നതെന്ന്, അത്രമേൽ ബലഹീനവും ശുഷ്കവുമായ ധമനികളിലേക്കാണ്, രക്തമിറ്റിച്ചിരുന്നതെന്ന്, അത്രമേൽ അമ്ല തീക്ഷ്ണമായ മഴത്തുള്ളികളെയാണ്, നിന്നിലേക്ക് ഞാൻ പെയ്തു കൂട്ടിയതെന്ന്, ഉണങ്ങിയ ചോര പോലെ പൊടിഞ്ഞ് തീർന്ന റോസാപ്പൂക്കളാലാണ് നിന്നോട് പ്രണയം പറഞ്ഞിരുന്നതെന്ന്, എനിക്ക് മനസ്സിലായത്. ഇനിയുമുണർന്നിരിക്കുവാൻ ഞാനൊരുക്കമല്ലാത്തതു കൊണ്ട് ഈ നഗര വേശ്യയുടെ സരോദുകളുടെ ആരവത്തിന് നടുവിലേക്ക് വളരെ കൃത്യമായെൻ്റെ പ്രാണൻ്റെ സൂചിക തെറിച്ചു വീഴും വിധം എന്നെ ക്രമപ്പെടുത്തി, സ്വരപ്പെടുത്തി ഇതിനാൽ ഞാൻ എന്നെന്നേക്കുമായി ആത്മഹത്യ ചെയ്യുന്നു. നിന്നെ സ്വതന്ത്രയാക്കുന്നു.
- Get link
- X
- Other Apps
എന്നിങ്ങനെയാകുന്നു പ്രണയത്തിൻ്റെ നാനോ സയൻസ്.. ൻ്റെ ജീവനേ, മന്വന്തരങ്ങൾക്കുമപ്പുറം, കാലവും അവസാനിക്കുന്നിടത്ത്, രണ്ട് ജീവബിന്ദുക്കൾ മാത്രമാണ് നമ്മളെങ്കിൽ പോലും, ഞാനാകെ മാറി, നീയായിപ്പോയിരിക്കിലും നിന്നെയെനിക്കീ നീയായിത്തന്നെ വേണം. നിന്നിലേക്ക് ജനിച്ച് നിന്നിൽ ജീവിച്ച് നിന്നിലേക്ക് മരിച്ച് വീഴാനായ്, പരസ്പരം നമ്മൾ രാസത്വരകങ്ങളാകണം. അന്നും, എൻ്റെ വെളിച്ചവും, പ്രാണൻ്റെ മോഹവും, ആത്മാവിൻ്റെ സ്പന്ദനവും, ജീവൻ്റെ ദാഹവും, അതിജീവനത്തിൻ്റെ തീക്കാറ്റും, നോവിൻ്റെ ലഹരിയും, കണ്ണുനീരുപ്പു രുചിയും, ബോധരാഹത്യത്തിൻ്റെ അത്യുഷ്ണവും, നീ മാത്രമാകുന്നു. അതിനാൽത്തന്നെ, തുടക്കത്തിൽ ഒരേ ശ്വാസവും, ഒരേ ജീവനുമായി, പരസ്പരം പറ്റിപ്പിടിച്ച, രണ്ട് തന്മാത്രകളായ നമ്മൾ, തുടർച്ചയായി, പരസ്പരമലിഞ്ഞ് ചേർന്ന് ഒരൊറ്റ ജീവൻ്റെ ഒരൊറ്റ കണികയാകുന്നു. വേർതിരിച്ചെടുക്കാനാവാത്ത വിധം വേർപിരിച്ചെടുക്കാനാവാത്ത വിധം നിന്നിലലിഞ്ഞ് ചേരുന്നതാണ് എൻ്റെ ജീവിതവും, സ്വാസ്ഥ്യവും, മോക്ഷവുമെന്ന് തിരിച്ചറിയ...
- Get link
- X
- Other Apps
യാത്രക്കാരാ, ഈ നിമിഷം മുതൽ, എനിക്ക്, നിൻ്റെ യാത്രകളിലെ കൂട്ടക്കാരും, കാൽനടപ്പാതകളും കൽവഴിത്താരകളും, ഇടത്താവളങ്ങളും, പുൽപ്പായകളും, നീ കെട്ടിപ്പിടിച്ചുറങ്ങുന്ന തലയിണയും, പ്രാർത്ഥനാ മണികളും, ചുണ്ടിലെ നാമജപങ്ങളും, കണ്ണിലെ കാഴ്ച്ചപ്പുറങ്ങളും, ഹൃദയത്തിലെ ചരിത്ര ബോധവും, തലച്ചോറിലെ ഏറിയും കുറഞ്ഞുമുള്ള പലവിധ ഭ്രാന്തുകളും, ഹുക്കയിലെ സുഗന്ധ വാഹിയും, നിന്നെയലിയിക്കുന്ന വീര്യം കുറഞ്ഞ ലഹരിയും, എണ്ണിയാൽ തീരാത്ത കൽക്കൊത്തളങ്ങളിൽ, നീ ചാരിയിരിക്കുന്ന നെടുന്തൂണുമാകണം. നിലാവിൻ ചോട്ടിലെ കൂടാരത്തണലും, ദാഹജലവും, ഉച്ഛ്വാസവായുവും, ഊന്നുവടിയും, തോളിലെ ഭാണ്ഡവും, നിന്നെച്ചുമക്കുന്ന കഴുതയും, ഇനിയുമറിയാത്ത ലക്ഷ്യങ്ങളും, ആരോരുമറിയാത്ത നിൻ്റെ യാത്രകൾ തന്നെയുമാകണം. നീ, അറിഞ്ഞാസ്വദിക്കുന്ന നിമിഷങ്ങളാകണം. അപ്പഴെങ്കിലും നീയെന്നെയൊന്ന് ഉപ്പു നോക്കുമല്ലോ, മനസ്സു തുറന്ന് രുചിച്ചിറക്കുമല്ലോ. ബാദ്ധ്യതകളേതുമില്ലാത്ത നിമിഷമെന്നാശ്വസിച്ച് ദീർഘമായി നിശ്വസിക്കുമല്ലോ. അല്ലേ?? ഇങ്ങനെയൊക്കെയല്ലാതെ മറ്റെങ്ങനെയാണ് ഞാൻ നിന്നിലെ നീയായി മാറുക?
- Get link
- X
- Other Apps
ഭൂതകാലത്തെ തമസ്കരിക്കുകയെന്നാൽ, വേരറ്റ് നിൽക്കുന്ന വൻമരത്തെ വളരെ നിസാരമായി തട്ടിമറിച്ചിട്ട് വെട്ടിയെടുത്ത് ചിന്തേരിട്ട് കരിഓയിലും തേച്ച് കഴുക്കോലാക്കി ഉത്തരത്തിൽ പ്രതിഷ്ഠിക്കുന്നത്രയും നിസാരമാണ്, നിനക്ക്. അതു കൊണ്ട് തന്നെ, ചുവന്ന ചെറുകാട്ടുതെച്ചിക്കാടുകൾ പൂവിട്ട, തെച്ചിപ്പഴങ്ങൾ ഉതിർന്ന് വീണ് കറുത്ത നിൻ്റെ ഭൂമിയിൽ സമാധിയിരിക്കുവാൻ ഒരു കുഴൽക്കിണർ വട്ടത്തിൽ ഒരിടം വേണമെനിക്ക്. അവിടെയാകുമ്പോൾ, മരിച്ചാലും മറക്കാത്ത കുത്തുവാക്കുകൾ ചെവിയും തുളച്ചിറങ്ങി വരില്ലല്ലോ. എന്നൊക്കെ പിച്ചും പേയും പറഞ്ഞു കൊണ്ട് അനങ്ങാപ്പാറയുടെ ശീതീകരിക്കപ്പെട്ട ഗർഭസ്ഥലികളെയും ഭേദിച്ച്, ആത്മത്യാഗത്തിൻ്റെ വന്യതയാർന്ന നഖവ്രണങ്ങളെയും ഉള്ളിൽപ്പേറി, ചോരയൂറ്റുന്ന പറ്റിക്കൂടുന്ന, നിതാന്തത വേദനയുടെ തീരങ്ങൾ താണ്ടി, മധുരപ്പുളി മധുരമുള്ള പൊളി പോലൊരു പൊഴിയിലെത്തി, ഇനിയെന്ത് എന്നുഴറി മറിഞ്ഞും തിരിഞ്ഞും കിടക്കുമ്പോഴാണവൾ മഴ പറഞ്ഞ്, ആഴിപ്പരപ്പിൻ്റെ മായാവിശേഷങ്ങൾ കേൾക്കുന്നത്. ഈ ചിരി!!...
- Get link
- X
- Other Apps
നീയെൻ്റെ നെറുകയിൽ ചുണ്ടുകൾ ചേർക്കുമ്പഴാണ്, നിൻ്റെ ശ്വാസ കണങ്ങൾ എൻ്റെ ശിരസിലേൽക്കുമ്പഴാണ് ഈ ലാേകത്ത് പ്രണയത്തിൻ്റെ മുകുളങ്ങൾ പൊട്ടിവിരിഞ്ഞ് ചെമ്പനീർ പൂക്കളാകുന്നത്.. നമ്മൾ തമ്മിൽ ചുംബിക്കുമ്പഴാണ് അസ്തമയ സൂര്യൻ തൻ്റെ ചുവപ്പുരാശി കൊണ്ടീ ലോകത്തിനെ പ്രണയസാഗരത്തിൻ്റെ അഗാധതയിലേക്ക് വലിച്ചെറിഞ്ഞ് മുക്കിക്കൊന്നുകളയുന്നത്.. നമ്മളൊരൊറ്റ മനസ്സും ഒരു ശരീരവുമാകുമ്പഴാണ് ഈ ലോകമൊട്ടാകെ മേപ്പിളിലകൾ പൊഴിഞ്ഞു വീണ് മയങ്ങിപ്പോകുന്നത്... നമ്മൾ പ്രണയാലസ്യത്തിൽ സ്വയം മറന്ന് ചേർന്നുറങ്ങുമ്പഴാണ് ഈ ലോകം, പൊഴിഞ്ഞ് വീഴുന്ന ചെറു മഞ്ഞു കണങ്ങളാൽ ജ്ഞാനസ്നാനപ്പെടുന്നത്... ഹൃദയങ്ങൾ ഏകതാളത്തിൽ മിടിക്കുകയും, വാക്കുകൾ ഇടറുകയും, എൻ്റെ കണ്ണുനീർത്തുള്ളികൾ നിൻ്റെ കവിൾത്തടങ്ങളെ ആർദ്രമാക്കുകയും, നിൻ്റെ പ്രാണൻ എൻ്റെയുള്ളിൽ കൊരുക്കുകയും ചെയ്യുമ്പഴാണ് സകല ലോകങ്ങളുടെ ആകാശങ്ങളും സൗരവെളിച്ചത്തെ...
- Get link
- X
- Other Apps
നിങ്ങൾ അനീതിയെന്ന് പറയുന്നു, ഞാൻ നീതിപ്പഴുതുകളിൽ ഇരുട്ടു കൊണ്ട് അരക്കിടുന്നു. നിങ്ങൾ വിഴുപ്പെന്ന് പറയുന്നു, എൻ്റെ ഭാഷയിലത് എൻ്റെ സ്നേഹകണങ്ങളുടെ ബാക്കിപത്രമാകുന്നു. നിങ്ങൾ അടിച്ച് കൊല്ലെന്ന് ആക്രോശിക്കുന്നു, ഞാനവനെ എന്നിലേക്കാവാഹിക്കുന്നു. നിങ്ങൾ ആത്മഹത്യയെന്ന് പറയുന്നു, ഞാനെന്നെ സ്വയം രക്ഷപ്പെടുത്തി ജീവൻ്റെ മിനാരങ്ങൾ കെട്ടിയതിനെ നിറപ്പെടുത്തുന്നു. നിങ്ങൾ ജയിലറകളെന്ന് പറയുന്നു, ഞാനവിടെ പനിനീർ പുഷ്പങ്ങളിൽ തീ പടർത്തുന്നു, പ്രാപ്പിടിയൻമാരുടെ പാത്രങ്ങളിലേക്ക് വിഷജലം നിറക്കുന്നു. നിങ്ങൾ തൂക്കുമരമെന്ന് നിലവിളിക്കുന്നു, ഞാനവിടെ പ്രാണൻ്റെ പകുതി കൊണ്ട് ഊഞ്ഞാലിലുലാവുന്നു. നിങ്ങൾ ഭ്രാന്തെന്ന് പറയുന്നു, ഞാനെൻ്റെ ആത്മാവിനെ സംഗീതത്തിലേക്ക് കെട്ടഴിച്ച് വിടുന്നു. നിങ്ങൾ കൊലക്കളങ്ങൾ സ്വപ്നം കാണുന്നു, അവിടെ ഞാൻ നിങ്ങളുടെ പ്രതികാരങ്ങൾക്ക് മേൽ അശനിപാതമായ് പെയ്തിറങ്ങുന്നു, പ്രണയദേവതയെ തപം ചെയ്തുണർത്തുന്നു. നിങ്ങൾ കവിതയെന്ന് കലഹിക്കുന്നു. ഞാൻ കുരിശെന്ന് വിലപിക്കുന്നു. നിങ്ങളെന്നെ കുരിശേറ്റുന്നു, ഞാൻ ഉയിർക്കാനാവാതെ തളർന്ന് വീഴുന്നു. നിങ്ങളെന്നെ കുരിശിൽ തറച്ച് പ്രതിഷ്ഠിക്കുന്നു. ഞാൻ മരിച്ച് പോ...
- Get link
- X
- Other Apps
പഞ്ചസാരയിലെ "സ" യെ നിങ്ങളെന്തിനാണ് മറന്ന് വെക്കുന്നത്? നിങ്ങളുടെ കവിതക്ക് വളമിടാൻ, വെള്ളമൊഴിക്കാൻ, നിങ്ങളെന്തിനാണ് "സ" യും കളഞ്ഞതിനെ അരിയോടും മണ്ണെണ്ണയോടും പിന്നെ റേഷൻപീടികയോടും കൂട്ടിക്കെട്ടുന്നത്? ഇതനീതിയൊന്നുമല്ല, പക്കാ തോന്ന്യവാസമാണ്. പഞ്ചസാരയിൽ ''സ" യുള്ളപ്പഴല്ലേ അത് അതിമധുരമാകുന്നത്? ലായകത്തിൽ ലയിച്ച് പിന്നെയും ലയിച്ച് പിന്നെയും ലയിച്ച്...... അലിഞ്ഞ് അലിഞ്ഞ് അലിഞ്ഞ് അങ്ങനെയങ്ങനെയങ്ങനെ.....
- Get link
- X
- Other Apps
നമ്മുടേതായിരുന്ന നിമിഷങ്ങളുടെ കുഞ്ഞു കൂടിൻ്റെ തെക്കേജനാലയുടെ ഓരത്ത്, വെളിച്ചത്തെല്ലുകൾ നമ്മുടെ നിമിഷങ്ങളുടെ ആഴമളന്ന് തളർന്ന് വീണ് ഇഴഞ്ഞു നടക്കുമായിരുന്ന ആ ചുമരിന്നരികിൽ, ചേർന്നിരിക്കുന്ന നിലക്കണ്ണാടിയിൽ ഇന്നലെ നീ നിൻ്റെ നെറ്റിത്തുടുപ്പിലെ വിയർപ്പുതുള്ളികൾക്കിടയിൽനിന്നെടുത്ത് ഒട്ടിച്ചു വെച്ച, വലിയ കറുത്ത ആ വട്ടപ്പൊട്ട്, (ഇന്നോ നാളെയോ നീ, മരണത്തിൻ്റേതായാലും മറുകരയും താണ്ടി വന്നെത്തുമെന്നും ചുംബനങ്ങളുടെ നിശ്വാസവായുവിൽ വീണ്ടും ജീവിക്കാമെന്നുമുള്ള പ്രതീക്ഷ കൊണ്ടാകണം), എന്നെയിങ്ങനെ വല്ലാതെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. നീയിനി വരികയേയില്ലെന്ന് ഞാനതിനോട് പറഞ്ഞ് പറഞ്ഞ് നോക്കിനോക്കിയിരിക്കെ, അതിലൂടെ ഉപ്പലിഞ്ഞുചേർന്നാെരു ചുടുനീർച്ചാൽ പതിയെ ഊർന്നൊഴുകിയിറങ്ങി അകമാകെ വട്ടംചുറ്റി നൃത്തം ചെയ്ത്, കണങ്കാൽ മൂടി, ഉടൽപ്പാതിയെയും പൊതിഞ്ഞ്, മുഖത്തുരുമ്മി ഇക്കിളിയിട്ട്, മുടിയിഴകളെയും തഴുകിത്തലോടി, എ...
- Get link
- X
- Other Apps
ആദരാഞ്ജലികൾ അർപ്പിക്കുക, പ്രിയ ജനമേ .. ഞാനിന്നലെയേ മരിച്ചുപോയ്.. ആകാശത്തിൻ്റെ പടിഞ്ഞാറേ ചെരിവിൽ, അക്ഷരങ്ങളോളം കനത്തിൽ പ്രണയപുഷ്പങ്ങൾ പൊതിഞ്ഞ്, ചന്ദനലേപം തളിച്ച്, മണ്ണറിയാതെ, മണമറിയാതെ, കാറ്ററിയാതെ, വേദനകളേതുമറിയാതെ, ചലനമറ്റ് തങ്ങി നിൽക്കുന്ന, ഒരു വെള്ളിമേഘത്തെ നിങ്ങൾ കാണുന്നില്ലേ? അതെൻ്റെ ശവമഞ്ചമാണ്. ആദരാഞ്ജലികൾ അർപ്പിക്കുക, കാലമേ... ഞാനിന്നലെയേ മരിച്ചുപോയ്...
- Get link
- X
- Other Apps
ഉടലാകെ പൂക്കുന്നു കടലാസ് പുഷ്പങ്ങൾ, ഉയിരാകെ നോവിന്റെ നീലക്കുറിഞ്ഞികൾ. നോവാണ്, നോവിന്റെ തീത്തെെലമിറ്റുന്ന ചിലതാണെനിക്ക് നിൻ അറിവോർമകൾ. വഴികളിൽ, നിറങ്ങളിൽ, അക്ക സൂചനകളിൽ, തിരഞ്ഞും, നിരാശയാൽ കണ്ണുകൾ താഴ്ത്തിയും, വ്യഥിതയായ് ഞാനോടിയെത്തിടും മുമ്പെന്റെ ശരികളെ വീണ്ടും വിഷപ്പെടുത്തുന്നു നീ. മറഞ്ഞും തെളിഞ്ഞും തരിക്കുന്ന പ്രജ്ഞയിൽ വീണ്ടും തളിച്ചുണക്കീടുന്നു വിഷാദത്തിൻ രാഗങ്ങൾ പൂക്കുന്നു വീണ്ടും കടലിന്നുൽപ്പത്തികൾ, ഭൂഗുരുത്വങ്ങൾ, വേഗസിദ്ധാന്തങ്ങൾ, കാടിന്റെ കാവിച്ച കാവൽ നിരപ്പുകൾ. വെളിച്ചത്തൂണുകൾ ചിതറിത്തെറിക്കുന്നു, കാവൽമാടങ്ങളിൽ, പതറുന്ന ബുദ്ധിയിൽ, ചേതനയറ്റെത്തും പാതിമയക്കങ്ങളിൽ. നീയാം കടലിനെ പുൽകുവാൻ അതിലൊരു തിരയാകുവാൻ, തന്നിലെ അഗാധതയളക്കുവാൻ, ചുഴികളിൽ അലയുവാൻ, കാറ്റേറി വന്ന് നിൻ കരകളെ പുണരുവാൻ, നിന്നിലെ ഉപ്പിന്റെ ഉപ്പിനെ ഉപ്പായ് രുചിക്കുവാൻ. പതിവായരിച്ചെത്തും കൊതിയനുറുമ്പുകൾ വരിവെച്ച് വന്നെന്നെ പൊതിയും കിനാവിന്റെ നിലാവരിക് തുന്നുന്ന നിമിഷങ്ങളാണ് ഞാൻ. കാലമേ...... നിന്റെ ശരികൾക്കിടയിലെ നോക്കുകുത്തിക്കൊരു കാലമുണ്ടാകുമോ എന്നെങ്...
- Get link
- X
- Other Apps
ജീവിതത്തിൻ്റെ ആകെത്തുക അളന്ന്, പതിര് പാറ്റിക്കൊഴിച്ച്, കൂട്ടിവെച്ച വിളവിൽപെടാതെ, മനപൂർവ്വം തെന്നിത്തെറിച്ച് നീങ്ങിക്കിടന്നിരുന്നിടത്തു നിന്നാണ് നിന്നെയെനിക്കായ് കളഞ്ഞ് കിട്ടിയത്. താഴെ വെക്കാനും തലയിൽ വെക്കാനും ഇടമില്ലാതിരുന്നതുകൊണ്ട് ഇടനെഞ്ചിനകത്ത് അടച്ചുപൂട്ടിവെക്കാമെന്നും ഒറ്റക്കിരിക്കുമ്പൊ ആരും കാണാതെ കൈക്കുടന്നയിൽ പൊതിഞ്ഞെടുത്ത് മിണ്ടിപ്പറഞ്ഞിരിക്കാമെന്നുമേ കരുതിയിരുന്നുള്ളൂ. ആ നീയാണ്,... അവൻ്റെ ഒറ്റക്കിടക്കയിലെ കരിനീല ചത്വരങ്ങൾ പാതി മയങ്ങിക്കിടക്കുന്ന, ചുളിഞ്ഞ വിരിപ്പിൽ വീണു വറ്റിവരണ്ടുണങ്ങിപ്പോയ, സുരത ജലത്തിലെ പിറക്കാൻ ത്രാണിയില്ലാത്ത മഞ്ഞിൻ കണമാവാൻ നോമ്പു നോൽക്കുന്നതെന്ന്.... അറിവുകൾ.... ചിലപ്പോൾ നീറ്റിയൊടുക്കുന്നത് മനുഷ്യ മനസ്സിൻ്റെ കൽപ്പനകളെയാണ് കുഞ്ഞേ... പൊറുക്കുക..